മുനമ്പം പ്രശ്നം സങ്കീർണമാക്കിയത് സംസ്ഥാന സർക്കാർ -റസാഖ് പാലേരി
text_fieldsഎടവനക്കാട്: സാമുദായിക ധ്രുവീകരണത്തിന് അവസരമൊരുക്കാതെ മുനമ്പം പ്രശ്നം പരിഹരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ സംഘപരിവാറിന്‍റെ വിദ്വേഷ പ്രവർത്തനങ്ങൾക്ക് വിട്ട് കൊടുത്തത് സംസ്ഥാന സർക്കാറാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. സാഹോദര്യ കേരള പദയാത്രക്ക് വൈപ്പിൻ മണ്ഡലത്തിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത് വീടുവെച്ച് താമസിക്കുന്ന സാധാരണക്കാരുടെ ആശങ്കകൾ കണക്കിലെടുത്ത് സർക്കാർ ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. മുനമ്പത്തെ വഖഫ് ഭൂമിയിലെ സാധാരണക്കാരെ ഒഴിപ്പിക്കാത്ത രീതിയിൽ പ്രശ്നപരിഹാരത്തിന് തയാറാണെന്ന് മുസ്‌ലിം സമുദായ സംഘടനകൾ പല പ്രാവശ്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടും അത്തരത്തിൽ ഒരു ചർച്ചക്ക് സർക്കാർ ശ്രമിച്ചില്ല.
മുസ്‌ലിം - ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സംഘർഷം ലക്ഷ്യം വെച്ചവരാണ് വിഷയത്തെ രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചത്. ഇത്തരം ഒരു ഉദേശം സംസ്ഥാന സർക്കാറിനും ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടി വരും.
മുസ്‌ലിം - ക്രൈസ്തവ സമൂഹങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇതിന്‍റെ ഭാഗമായി സംഘപരിവാർ ഉയർത്തിവിട്ട തെറ്റിദ്ധാരണയിൽ ചിലർ വീണു പോയി. രാജ്യമെമ്പാടും ക്രൈസ്തവ വേട്ട നടത്തുന്ന സംഘപരിവാറിന്‍റെ യഥാർഥ മുഖം മനസിലാക്കാതെ വഖഫ് ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചവർ ഇപ്പോൾ ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ സന്ദർഭത്തിൽ വഖഫ് നിയമത്തെ ദുർബലപ്പെടുത്താതെ തന്നെ സാധാരണ താമസക്കാരുടെ വിഷയം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇതിന് സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ പര്യടനം നടന്നു. മണ്ഡലത്തിലെ CRZ നാട്ടുകൂട്ടം പ്രവർത്തകരോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടാണ് റസാഖ് പാലേരി പദയാത്രക്ക് തുടക്കം കുറിച്ചത്. കുഴുപ്പിള്ളിയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ വൈപ്പിൻ മണ്ഡലത്തിലെ ആയിരക്കണക്കിന് പ്രവർത്തകർ റസാഖ് പാലിയേരിയോടൊപ്പം അണിചേർന്നു.
പദയാത്ര കടന്നു പോയ വഴികളിൽ മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. പദയാത്രക്കിടയിൽ കുഴുപ്പിള്ളിയിലെ ഭൂരഹിതർ പ്രസിഡന്‍റിന് സ്വീകരണം നൽകി. വാച്ചാക്കലിൽ നടന്ന എഫ്.ഐ.ടി.യു മെയ്ദിന പരിപാടിയെ പ്രസിഡന്‍റ് അഭിവാദ്യം ചെയ്തു. റോഡിന്‍റെ ഇരുവശങ്ങളിലുമായി യുവാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി.
എടവനക്കാട് ജങ്ഷനിൽ നടന്ന സ്വീകരണ പൊതു സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. അഷ്റഫ്, ലത്തീഫ് പി. എച്ച് എന്നിവർ സംസാരിച്ചു. സ്വീകരണ പൊതുസമ്മേളനത്തിൽ മണ്ഡലം - യൂനിറ്റ് ഭാരവാഹികൾ, ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. മണ്ഡലം പ്രസിഡന്‍റ് ടി.എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി പി. എം. ഹാരിസ് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.