ഷാസി നമ്പർ തിരുത്തിയ ബൈക്കിന് ആർ.സി: മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsമലപ്പുറം: എൻജിൻ, ഷാസി നമ്പറുകൾ വ്യാജമായുണ്ടാക്കിയ ബൈക്കിന് ആർ.സി ഓണർഷിപ് മാറ്റി നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ മലപ്പുറം പൊലീസിന്‍റെ പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കോളനി ആനപ്പാൻ സതീഷ്ബാബു (46), പൂക്കോട്ടൂർ പുതിയകളത്തിൽ എ. ഗീത (53), മോട്ടോർ വാഹന വകുപ്പിൽനിന്ന് വിരമിച്ച സെക്ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപറമ്പ് ‘ചിത്തിര’ ഹൗസിൽ അനിരുദ്ധൻ (61), ആർ.ടി.ഒ ഏജന്‍റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണ് മലപ്പുറം സി.ഐ ജോബി തോമസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പന്‍റെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരി 11ന് മലപ്പുറം പൊലീസ് കേസെടുത്തത്. തന്‍റെ ബൈക്കിന്‍റെ അതേ നമ്പറിലുള്ള മറ്റൊരു ബൈക്ക് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് നാഗപ്പൻ, നെയ്യാറ്റിൻകര ജോയന്‍റ് ആർ.ടി.ഒ മുഖേന തിരുവനന്തപുരം ആർ.ടി.ഒക്ക് നൽകിയ പരാതിയാണ് കേസിന് അടിസ്ഥാനം. മലപ്പുറം ആർ.ടി.ഒയുടെ പ്രാഥമികാന്വേഷണത്തിൽ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടതോടെയാണ് കേസ് പൊലീസിന് കൈമാറിയത്.
2012ലാണ് മലപ്പുറം ജോയന്‍റ് ആർ.ടി.ഒ ഓഫിസിൽനിന്ന് ബൈക്കിന് ആർ.സി ബുക്ക് ഇഷ്യൂ ചെയ്തത്. എൻജിൻ, ഷാസി നമ്പറുകൾ വ്യാജമായി കൊത്തിയാണ് ആർ.ടി.ഒ ഏജന്‍റ് ഉമ്മർ മുഖേന വാഹന ഉടമ ആർ.സിക്ക് അപേക്ഷിച്ചത്. അരീക്കോട് ഭാഗത്തെ വാഹനക്കച്ചവടക്കാർ വഴി എത്തിയ ബൈക്കാണ് തിരുവനന്തപുരത്തെ മറ്റൊരു ബൈക്കിന്‍റെ നമ്പറിൽ മലപ്പുറം ജോയന്‍റ് ആർ.ടി.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കിഴിശ്ശേരി സ്വദേശിയുടെ കൈവശമാണ് ബൈക്കുണ്ടായിരുന്നത്. എൻജിൻ, ഷാസി നമ്പറുകളിൽ മാറ്റംവരുത്തിയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. അവസാന ഡിജിറ്റിലാണ് കൃത്രിമം കണ്ടെത്തിയത്. ആർ.ടി.ഒ ഏജന്‍റ് ഉമ്മറാണ് കേസിലെ ഒന്നാംപ്രതി. പരിശോധന നടത്താതെ, ആർ.സി ഇഷ്യൂ ചെയ്തതിനാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എ. ഗീത ഇപ്പോൾ തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ ഓഫിസിലും സതീഷ് നിലമ്പൂർ ജോയന്‍റ് ആർ.ടി.ഒ ഓഫിസിലുമാണ്. ആർ.സി ഇഷ്യൂ ചെയ്ത അന്നത്തെ ജോയന്‍റ് ആർ.ടി.ഒ വിരമിച്ചശേഷം നിര്യാതനായി. പ്രതികളായ ഉമ്മർ, സതീഷ് ബാബു, അനിരുദ്ധൻ എന്നിവരെ മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. എ. ഗീതക്ക് താൽക്കാലിക ജാമ്യം അനുവദിച്ചു.
ആർ.ടി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് റാക്കറ്റ്;
പ്രധാന കണ്ണികൾക്കായി അന്വേഷണം
മലപ്പുറം: ബൈക്കിന് ഇൻഷുറൻസ് അടക്കാൻ നോക്കുമ്പോൾ മറ്റൊരു നമ്പറിലേക്ക് ഒ.ടി.പി പോയതോടെയാണ് നെയ്യാറ്റിൻകര സ്വദേശി നാഗപ്പന് സംശയം തോന്നിയത്. ലഭ്യമായ വിവരങ്ങൾ വെച്ച് ഇദ്ദേഹം നൽകിയ പരാതിയാണ് മലപ്പുറത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ പ്രതിയായ കേസിലേക്ക് നയിച്ചത്. ആർ.ടി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് ആർ.സി ഇഷ്യൂ ചെയ്യുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ കേസ്. ആർ.ടി.ഒ ഏജന്റുമാർ ഇടനിലക്കാരായി നിന്നാണ് വണ്ടികൾക്ക് ആർ.സി ബുക്ക് ഉൾപ്പെടെ രേഖകൾ തരപ്പെടുത്തിക്കൊടുക്കുന്നത്. ഉദ്യോഗസ്ഥർ ശരിയായ പരിശോധന നടത്താതെ, പണംപറ്റിയാണ് രേഖകൾ നൽകുന്നത്. പരിവാഹൻ ആപ് ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെയാണ് ജില്ല വിട്ട് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അരങ്ങേറിയ കൃത്രിമങ്ങൾ പുറത്തുവരുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും മോഷ്ടിച്ച് കടത്തിയ വാഹനങ്ങൾ വ്യാപകമായി വിറ്റഴിക്കപ്പെട്ടിരുന്നു. ഈ ഗണത്തിൽപ്പെടുന്നതാണോ മലപ്പുറത്ത് പിടിക്കപ്പെട്ട ബൈക്ക് എന്ന് അന്വേഷിക്കുന്നുണ്ട്. ആർ.ടി.ഒ ഏജന്റിനെ കസ്റ്റഡിയിൽ വാങ്ങി, റാക്കറ്റിലെ പ്രധാന കണ്ണികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ആർ.സി ഓണർഷിപ് ട്രാൻസ്ഫർ ചെയ്യാൻ നൽകിയതാണ് അപേക്ഷയെങ്കിൽ വ്യാജ ആർ.സിയാകും ഹാജറാക്കിയിട്ടുണ്ടാവുകയെന്നാണ് നിഗമനം. എന്നാൽ, രേഖകൾ മൂന്നു വർഷത്തിലധികം സൂക്ഷിക്കാറില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.