കോടതി ഫീസ് അഞ്ചിരട്ടി വർധിപ്പിക്കാൻ ശിപാർശ; സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഫീസിൽ ഇളവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോടതി ഫീസുകൾ അഞ്ചിരട്ടി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ സമിതി ശിപാർശ സമർപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ കീഴ്കോടതികൾക്കും ഹൈകോടതിക്കും ബാധമാകുന്ന രീതിയിലുള്ള ഫീസ് വർധനക്കാണ് ശിപാർശ.
മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതി ഫീസ് ചുമത്തുന്നതുൾപ്പെടെ നിലവിൽ കോടതി ഫീസില്ലാത്ത ചില മേഖലകളിൽ കൂടി ഫീസ് ഏർപ്പെടുത്താനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്വേഷൻ ആക്ടിലെ പട്ടിക രണ്ട് പ്രകാരം സ്ഥിരം നിരക്കിലുള്ള ഫീസിലാണ് അഞ്ചിരട്ടി വർധന വരുത്താൻ ശിപാർശ ചെയ്തതെന്ന് ജസ്റ്റിസ് വി.കെ. മോഹനനും കൺവീനർ കൂടിയായ നിയമ സെക്രട്ടറി കെ.ജി. സനൽകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ അധികമായി അനുവദിക്കുന്ന നഷ്ടപരിഹാര തുകയിലും പെട്രോളിയം നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധിക നഷ്ടപരിഹാരത്തുകയിലും പുതുതായി കോടതി ഫീസ് ഏർപ്പെടുത്താനാണ് ശിപാർശ. ഭൂമി ഏറ്റെടുക്കുമ്പോൾ അക്വിസിഷൻ ഓഫിസർ അനുവദിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമെന്ന് കാണിച്ച് കോടതിയെ സമീപിക്കുമ്പോൾ അധികമായി അനുവദിക്കുന്ന തുകക്കാണ് പുതുതായി ഫീസ് ഏർപ്പെടുത്താൻ നിർദേശിക്കുന്നത്.
2003ലാണ് ഒടുവിൽ നിരക്ക് പരിഷ്കരിച്ചത്. സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബ കോടതികളിലെ ഫീസ് നിരക്ക് നഷ്ടപരിഹാരത്തിന്റെ തോതനുസരിച്ച് സ്ലാബ് രീതിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. അന്തിമ റിപ്പോർട്ടിലാണ് പട്ടിക രണ്ടിലുള്ള വിവിധ ഫീസുകൾ അഞ്ചിരട്ടി വർധിപ്പിക്കാൻ സമിതി ശിപാർശ ചെയ്തത്.
ചെയർമാനും കൺവീനർക്കും പുറമെ, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡോ. എൻ.കെ. ജയകുമാർ, അഡ്വ. സി.പി. പ്രമോദ് എന്നിവർ അംഗങ്ങളായ സമിതിയുടെ റിപ്പോർട്ട് നിയമമന്ത്രി പി. രാജീവിന് കൈമാറി.
മറ്റു ശിപാർശകൾ
- സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ എന്നിവരെ കോടതി ഫീസിൽനിന്ന് പൂർണമായി ഒഴിവാക്കുകയോ നിശ്ചിത ശതമാനം ഇളവ് നൽകുകയോ ചെയ്യണം.
- ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട ഹരജികളിൽ ഉൾപ്പെട്ട തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിൽ കോടതി ഫീസ് ചുമത്തണം.
- കോടതിക്ക് പുറത്ത് തീർപ്പാകുന്ന കേസുകളിൽ കോടതി ഫീസ് തിരികെ നൽകണം.
നീതി നിർവഹണത്തിന് പ്രതിവർഷ ചെലവ് 1248.75 കോടി; വരവ് 125.65 കോടി
സംസ്ഥാന സർക്കാറിന് നീതി നിർവഹണത്തിനായി പ്രതിവർഷം ചെലവ് 1248.75 കോടി രൂപയാണെന്നും നീതിന്യായ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം 125.65 കോടിയെന്നും സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ. 2023ലെ കണക്ക് പ്രകാരം വരുമാനത്തിന്റെ പത്തിരട്ടിയാണ് ചെലവ്. പുതിയ കോടതികളും തസ്തികകളും സൃഷ്ടിക്കുന്നതുവഴി ചെലവ് പ്രതിവർഷം കൂടുന്നു. ഈ ഇനത്തിൽ ഭീമമായ തുക നീക്കിവെക്കേണ്ടിവരുന്നത് വികസന പ്രവർത്തനങ്ങളെ ഉൾപ്പെടെ ബാധിക്കുന്നു. സത്ഭരണത്തിലൂടെ വ്യവഹാരങ്ങളുടെ എണ്ണം കുറക്കുകയും നീതിന്യായ പരിപാലനത്തിന് ചെലവഴിക്കുന്ന തുക കുറച്ചുകൊണ്ടുവരാൻ കഴിയണമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. ഒടുവിൽ ഫീസ് വർധന വരുത്തിയ 2003നെ അപേക്ഷിച്ച് നാണയപ്പെരുപ്പം 6.7 ശതമാനമാണ്. ഇത് പരിഗണിച്ചും ലോ കമീഷൻ ശിപാർശ അനുസരിച്ചും ഫീസ് പത്തിരട്ടി വരെ വർധിപ്പിക്കാമെങ്കിലും കക്ഷികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് അഞ്ചിരട്ടി വർധനക്ക് ശിപാർശ ചെയ്തതെന്നും ചെയർമാൻ വ്യക്തമാക്കി. അഭിഭാഷകർ, ബാർ കൗൺസിൽ, ബാർ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ, ഹൈകോടതി രജിസ്ട്രാർ ഓഫിസ് പ്രതിനിധി, പൊതുജനങ്ങൾ തുടങ്ങിയവരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് ഒരു വർഷം സമയമെടുത്താണ് സമിതി അന്തിമ റിപ്പോർട്ട് തയാറാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.