തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് കലക്ഷൻ 8.79 കോടി
text_fieldsതിരുവനന്തപുരം: ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. തിങ്കളാഴ്ച 8.79 കോടിയാണ് കലക്ഷൻ. ഇതിനു മുമ്പ് 2023 ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതൽ സെപ്റ്റംബർ നാലു വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനം കെ.എസ്.ആർ.ടി.സിക്ക് കിട്ടി.
ഇതിൽ അഞ്ചുദിവസം വരുമാനം ഏഴു കോടി രൂപ കടന്നു. ഇക്കുറി ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ലക്ഷ്യമിട്ടതിന്റെ 103.74 ശതമാനമാണ് (8.79 കോടി) കലക്ഷൻ നേടിയിടുണ്ട്. തെക്കൻ മേഖലയിലൊഴികെ മറ്റിടങ്ങളിലെല്ലാം ലക്ഷ്യമിട്ടതിനെക്കാൾ നേട്ടം സ്വന്തമാക്കി. 3.46 കോടിയാണ് തെക്കൻ മേഖലക്ക് നൽകിയ ടാർജറ്റെങ്കിലും കലക്ഷൻ 3.44 കോടിയാണ്. കഴിഞ്ഞ വർഷത്തെ ഓണാവധിക്കുശേഷമുള്ള പ്രവൃത്തി ദിനത്തിൽ 8.4 കോടിയായിരുന്നു വരുമാനം.
വടക്കൻ മേഖലയിൽ തിങ്കളാഴ്ച ഒരു ബസിൽ നിന്ന് ശരാശരി 20,837 രൂപയുടെ കലക്ഷൻ കിട്ടി. മധ്യ മേഖലയിൽ ഇത് 18,919 രൂപയും തെക്കൻ മേഖലയിൽ 17,837 രൂപയുമാണ്. യാത്രാവശ്യകതയും ഒപ്പം വടക്കൻ മേഖലയിലെ സർവിസുകളുടെ കുറവും കൂടി ബസ് അടിസ്ഥാനത്തിലുള്ള ഈ വരുമാനക്കണക്ക് അടിവരയിടുന്നു.
കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനത്തിൽ തെക്കൻ മേഖലയാണ് മുന്നിൽ. ഒരു കിലോമീറ്ററിൽ നിന്ന് 57.97 രൂപയാണ് തെക്കൻ മേഖലക്ക് കിട്ടിയത്. വടക്കൻ മേഖലക്ക് ഇത് 54.26 രൂപയും മധ്യമേഖലയിൽ 52.13 രൂപയുമാണ്. 4639 ബസുകളാണ് തിങ്കളാഴ്ച സംസ്ഥാനത്താകെ ഓടിയത്.
കഴിഞ്ഞ വർഷം ഓണാവധിക്കുശേഷമുള്ള പ്രവൃത്തി ദിനത്തിൽ 3401 ബസുകളായിരുന്നു. 3.82 ലക്ഷം ലിറ്റർ ഡീസലാണ് തിങ്കളാഴ്ച ചെലവിട്ടത്. 3.76 കോടി രൂപയാണ് ഡീസൽ ചെലവ്. ആകെ കലക്ഷനിൽ നിന്ന് ഇന്ധനച്ചെലവ് മാറ്റി നിർത്തിയാൽ 5.02 കോടി വരുമാനായി കിട്ടി. കൂടുതൽ ബസുകൾ നിരത്തിലെത്തിച്ച് ഒമ്പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എന്നാൽ, കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് തടസ്സമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.