നിയമനക്കോഴ: ബാസിത് താമസിച്ചത് എം.എൽ.എ ഹോസ്റ്റലിൽ
text_fieldsബാസിത്തിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മലപ്പുറത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കോഴക്കേസിലെ പ്രതി ബാസിത് തിരുവനന്തപുരത്തെത്തിയപ്പോൾ താമസിച്ചത് എം.എൽ.എ ഹോസ്റ്റിലിൽ. നിയമന ശിപാർശക്കായി ഹരിദാസിനെയും കൂട്ടി എത്തിയപ്പോഴാണ് കൊടുങ്ങല്ലൂർ എം.എൽ.എയും സി.പി.ഐ നേതാവുമായ സുനിൽകുമാറിന്‍റെ മുറിയിൽ താമസിച്ചത്. ബാസിത്തുമായി ബന്ധമില്ലെന്നും പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞപ്പോൾ പി.എ മുറി നൽകിയതാണെന്നും സുനിൽകുമാർ പറഞ്ഞു. ബാസിത്തിനെ തെളിവെടുപ്പിനായി കന്‍റോണ്‍മെന്‍റ് പൊലീസ് മലപ്പുറത്തേക്ക് കൊണ്ടുപോയി.
ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കോഴക്കേസിന് പിന്നിൽ പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോഴാണ് ഭരണപക്ഷത്തെ കുഴയ്ക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഹോമിയോ മെഡിക്കൽ ഓഫിസർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പി.എയെ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബാസിത് മലപ്പുറം സ്വദേശിയായ ഹരിദാസിനെ സെക്രട്ടേറിയറ്റിലെത്തിച്ചത്. ഏപ്രിൽ 10, 11 തീയതികളിൽ തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയപ്പോള്‍ താമസിച്ചത് സുനിൽകുമാറിന്‍റെ മുറിയിലാണ്. എ.ഐ.എസ്.എഫ് മുൻ നേതാവായ ബാസിത്തിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. എന്നാൽ, പഴയ സുഹൃത്ത് വഴിയാണ് മുറി തരപ്പെടുത്തിയതെന്നാണ് ബാസിത് പൊലീസിന് നൽകിയ മൊഴി.
ഹരിദാസിന്‍റെ വിശ്വാസം കൂട്ടാൻ കൂടിയായിരുന്നു എം.എൽ.എ ഹോസ്റ്റലിലെ താമസം. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ കയറാൻ കഴിയാതെയാണ് ഹരിദാസൻ തിരിച്ചുപോയത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ പാർട്ടി പ്രവർത്തകർ പരിചയപ്പെടുത്തിയാൽ മുറി നൽകുന്നത് പതിവാണെന്നും ബാസിത്തിനെ അറിയില്ലെന്നും സുനിൽകുമാർ എം.എൽ.എ പറഞ്ഞു. പണം നൽകിയിട്ടും നിയമനം നടക്കാതെവന്നപ്പോഴാണ് ഹരിദാസൻ പരാതി ഉന്നയിച്ചത്.
കോഴ വാങ്ങി തട്ടിപ്പ് ആസൂത്രണം ചെയ്ത ബാസിത് തന്നെ മന്ത്രിയുടെ പി.എ അഖിലിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കാരണമെന്തെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഗൂഢാലോചന നടത്തിയ മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ ബാസിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
ബാസിത്തിനെ മലപ്പുറത്തെത്തിച്ച് തെളിവെടുത്തു
മലപ്പുറം: നിയമന തട്ടിപ്പ് കേസിലെ പ്രതി കെ.പി. ബാസിത്തിനെ മലപ്പുറത്തെത്തിച്ച് തെളിവെടുത്തു. മലപ്പുറത്തെയും മഞ്ചേരിയിലെയും സ്വകാര്യ ബാറുകളിലെത്തിച്ചാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് തെളിവെടുത്തത്. ഉച്ചയോടെയാണ് അന്വേഷണസംഘം മലപ്പുറത്തെത്തിയത്.
സെപ്റ്റംബർ 27നാണ് മലപ്പുറം സ്വദേശി ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫിസിനുനേരെ നിയമന തട്ടിപ്പ് ആരോപണവുമായി രംഗത്തുവന്നത്. എന്നാൽ, ആരോപണം ഗൂഢാലോചനയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാസിത്താണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ മാസം 10നാണ് ബാസിത്തിനെ പൊലീസ് കേസിൽ പ്രതിചേർത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബാസിത്തും ഹരിദാസനും സി.പി.ഐ എം.എൽ.എ വി.ആർ. സുനിൽ കുമാറിന്റെ വസതിയിൽ കഴിഞ്ഞ ഏപ്രിൽ 10, 11 തീയതികളിൽ തങ്ങിയിരുന്നെന്ന് വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. സുനിൽ കുമാറിന്റെ എം.എൽ.എ ഹോസ്റ്റലിെല മുറിയിലാണ് ഇവർ താമസിച്ചത്. ബാസിത്തുതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.