തുറന്നടിച്ച് കണ്ണൂർ ജില്ല കമ്മിറ്റി; രേഖ സമഗ്രമല്ല
text_fieldsതിരുത്തലുണ്ടോ? കോഴിക്കോട്ട് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കുന്ന പിണറായി വിജയനും എം.എ. ബേബിയും
കോഴിക്കോട്: സി.പി.എം വിശാല സംസ്ഥാന സമിതിയിൽ നേതൃത്വം അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖ സമഗ്രമല്ലെന്ന് കണ്ണൂർ ജില്ല കമ്മിറ്റി. സംഭവിച്ച വീഴ്ചകളിൽ മതിയായ സ്വയംവിമർശനമില്ലെന്നും സെക്രട്ടറിയേറ്റിന്റെ പരാജയം രേഖയിൽ പരാമർശിക്കുന്നില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. വീഴ്ചയുടെ ഉത്തരവാദിത്വം ജില്ല ഘടകങ്ങൾക്കും അണികൾക്കും മാത്രമാണോ, സംസ്ഥാന നേതൃത്വത്തിന് പറ്റിയ വീഴ്ചകൾ എന്തുകൊണ്ട് നിരത്തുന്നില്ല തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. ആഴത്തിലുള്ള തിരുത്തിന് ഈ രേഖ പര്യാപ്തമല്ലെന്നും കണ്ണൂർ ജില്ല കമ്മിറ്റി പ്രതിനിധികൾ വിമർശിച്ചു. തോൽവിയുടെ കാരണങ്ങൾ എപ്പോഴും പറയേണ്ടെന്നും കൃത്യമായ പരിഹാരമാണ് നിർദേശിക്കേണ്ടതെന്നും തിരുവനന്തപുരം ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി.
രാത്രി ഏഴ് മുതൽ എട്ടു വരെ നടന്ന പൊതുചർച്ചയിൽ മൂന്നു ജില്ല കമ്മിറ്റികളാണ് പങ്കെടുത്തത്. തെറ്റുതിരുത്തൽ പ്രക്രിയ വെറും കടലാസിൽ ഒതുങ്ങാതെ പ്രായോഗിക തലത്തിൽ നടപ്പാക്കണമെന്ന പൊതുവികാരമാണ് പൊതുചർച്ചയിലുണ്ടായത്. രേഖകൾ ചർച്ച ചെയ്തു പിരിയുന്ന പതിവ് രീതിക്ക് പകരം, ഈ തെറ്റുതിരുത്തൽ തീരുമാനങ്ങൾ ബ്രാഞ്ച്തലം മുതൽ എങ്ങനെ നടപ്പാക്കുന്നുവെന്ന് നിരീക്ഷിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും അഭിപ്രായമുണ്ടായി. തിങ്കളാഴ്ച പൊതുചർച്ച തുടരും. ജില്ലകൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ 30 മിനിട്ട് വീതമാണ് സമയം അനുവദിച്ചത്. വർഗ-ബഹുജന സംഘടനകൾക്ക് അഞ്ച് മുതൽ 10 മിനിട്ട് വരെയും.
അതിനിടെ, വിശാല സമിതിയിലെ പൊതു ചർച്ചയിൽ നേതൃത്വം വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഗ്രൂപ്പ് ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്നും സ്വന്തം അഭിപ്രായങ്ങൾ പറയേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ജില്ലകൾ തിരിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം രാത്രി ഏഴോടെ പൊതു ചർച്ച ആരംഭിച്ചപ്പോഴായിരുന്നു നിർദേശം. കടുത്ത വിമർശനങ്ങൾ വേണ്ടതില്ല. അതാത് ഘടകങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ചർച്ചയിൽ പങ്കെടുക്കണം. തെറ്റു തിരുത്തലിനായി ചേർന്ന സംസ്ഥാന സമിതിയിൽ, നിലവിലെ കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന വ്യവസ്ഥ ഇതിനകം വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് കടുത്ത വിമർശനങ്ങൾക്ക് വീണ്ടും നേതൃത്വം കടിഞ്ഞാണിടുന്നത്.
വിശാല സമിതിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി രണ്ടു ദിവസം ചർച്ച ചെയ്തതാണ്. അതുകൊണ്ട് വിശാല സമിതിയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. അതേസമയം, സമഗ്രമായ തെറ്റ് തിരുത്തലിലുള്ള മാർഗരേഖ തയാറാക്കാൻ വിശാല സംസ്ഥാന സമിതി ചേരുന്ന ഘട്ടത്തിൽ സംസ്ഥാന സമിതി അംഗങ്ങൾ ചർച്ച ചെയ്യേണ്ടെന്ന് പറയുന്നത് ഉദ്ദേശിച്ച ലക്ഷ്യങ്ങൾക്ക് ചേരുന്നതല്ലെന്നാണ് വിമർശനം.
ഇ.ഡിയും റിപ്പോർട്ടിൽ
പിണറായി വിജയനെതിരായ ഇ.ഡി നീക്കവും പാർട്ടി രേഖയിൽ. ഇ.ഡി നീക്കം പിണറായി വിജയനെ ദുർബലപ്പെടുത്താനാണെന്നാണ് പരാമർശം. സ്ഥാനാർഥി നിർണയം പാളിയതിൽ പൊതുപരാമർശം മാത്രമാണുള്ളത്. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരെടുത്ത് പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

