അധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 39ൽ 36 സംഘടനകളും എതിർത്തു
text_fieldsതിരുവനന്തപുരം: അധ്യാപക സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി വിളിച്ച യോഗത്തിൽ സംഘടന ഭാരവാഹികളുടെ വൻ പ്രതിഷേധം. യോഗത്തിൽ പങ്കെടുത്ത 39ൽ 36 സംഘടനകളും ഹിതപരിശോധനക്കെതിരാണെന്ന് വോട്ടെടുപ്പിലൂടെ അറിയിച്ചു. സി.പി.എം അനുകൂല കെ.എസ്.ടി.എ, സി.പി.ഐ അനുകൂല എ.കെ.എസ്.ടി.യു, കോൺഗ്രസ് അനുകൂല കെ.പി.എസ്.ടി.എ എന്നീ സംഘടനകൾ മാത്രമാണ് ഹിതപരിശോധനയെ പിന്തുണച്ചത്.
25 ശതമാനം അധ്യാപകരുടെയെങ്കിലും പിന്തുണയുള്ള സംഘടനകളെ മാത്രമേ അംഗീകരിക്കാനാകൂ എന്ന നിലപാടാണ് കെ.എസ്.ടി.എ യോഗത്തിൽ അറിയിച്ചത്. ഇതിനെ പിന്തുണക്കുന്ന നിലപാടാണ് കെ.പി.എസ്.ടി.എയും എ.കെ.എസ്.ടി.എയും സ്വീകരിച്ചത്. തുടർന്ന് സംസാരിച്ച സംഘടന നേതാക്കളെല്ലാം ഹിതപരിശോധനക്കെതിരെ രൂക്ഷവിമർശനമുയർത്തി. മുസ്ലിം ലീഗ് അനുകൂല കെ.എസ്.ടി.യു, അറബി അധ്യാപക സംഘടനയായ കെ.എ.എം.എ ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പുയർത്തി.
ഇതോടെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും എണ്ണമറിയാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കണക്കെടുത്തപ്പോഴാണ് 36 സംഘടനകളും ഹിതപരിശോധനക്കെതിരാണെന്ന് വ്യക്തമായത്. ഇക്കാര്യം സർക്കാറിനെ അറിയിക്കാമെന്നറിയിച്ചാണ് ബഹളങ്ങൾക്കിടെ സെക്രട്ടറി യോഗം അവസാനിപ്പിച്ചത്. ചില സംഘടനകൾ ഹിതപരിശോധനക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് യോഗം നടന്ന സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ഹാളിൽ നിന്നും പുറത്തിറങ്ങിയത്.
എതിർക്കുന്ന സംഘടനകൾ പിന്നീട് അധ്യാപക ഭവനിൽ സംയുക്ത യോഗം ചേരുകയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കണ്ട് നിവേദനം നൽകുകയും ചെയ്തു. കോടതി നിർദേശപ്രകാരമാണ് ഹിതപരിശോധനക്കുള്ള ശ്രമമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ നിയമവകുപ്പിന്റെ കൂടി അഭിപ്രായം തേടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നൽകി. അധ്യാപക സംഘടനകളുടെ എണ്ണം നിയന്ത്രിക്കാൻ ഹിതപരിശോധന നടത്താനും അതിനനുസൃതമായി കെ.ഇ.ആറിൽ ഭേദഗതി കൊണ്ടുവരാനുമായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. നിലവിലുള്ള സംഘടനകളുടെ അംഗീകാരം നിലനിർത്തി പുതിയ സംഘടനകളുടെ അംഗീകാരത്തിന് മാനദണ്ഡം നിശ്ചയിക്കാമെന്ന അഭിപ്രായവും ചില സംഘടനകൾ മുന്നോട്ടുവെച്ചു.
കെ.ഇ.ആറിൽ ഹിതപരിശോധന പ്രതിപാദിക്കുന്നില്ലെന്നും സംഘടനകൾക്ക് അംഗീകാരം നൽകലും റദ്ദാക്കലും മാത്രമാണുള്ളതെന്നും ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നീക്കമെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ് അനുകൂല ഹയർസെക്കൻഡറി അധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ ഹിതപരിശോധനക്കെതിരെ നിലകൊണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.