റെഗുലേറ്ററി ആസ്തി: വരുമാനക്കമ്മി പരിഹരിക്കാൻ ചാർജ് കൂട്ടേണ്ട; വൈദ്യുതി വാങ്ങൽ ക്രമീകരണം മതി
text_fieldsപാലക്കാട്: റെഗുലേറ്ററി ആസ്തിയായി (റെഗുലേറ്ററി അസറ്റ്) മാറിയ വൈദ്യുതി വിതരണ കമ്പനികളുടെ മുൻകാല വരുമാനക്കമ്മി നികത്താൻ അനുകൂല കാലാവസ്ഥയും കെ.എസ്.ഇ.ബിയുടെ വൈദ്യുതിവാങ്ങലിലെ ക്രമീകരണവും മതിയാകും.
വൈദ്യുതിവിതരണ കമ്പനികളുടെ മുൻകാല നഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടര വർഷത്തിനകം നികത്താൻ സംസ്ഥാന റെഗുലേറ്ററി കമീഷനുകളോട് സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നികത്തേണ്ടിവരുക റെഗുലേറ്റററി ആസ്തിയായ 6600 കോടി രൂപയാണ്.
ഓഡിറ്റ് ചെയ്യാത്ത കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം 623.49 കോടി കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയിരുന്നു. ഇതോടെ 6000 കോടിയുടെ ബാധ്യതയായി റെഗുലേറ്ററി ആസ്തി ചുരുങ്ങി. ഈ ബാധ്യത പരിഹരിക്കാൻ യൂനിറ്റിന് ഒരു രൂപയോളം വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി.
കഴിഞ്ഞ നാലു മാസങ്ങളിലായി വൈദ്യുതിവാങ്ങലിൽ പ്രതിദിനം 30 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. അതായത്, പ്രതിമാസം 1000 ദശലക്ഷത്തോളം യൂനിറ്റിന്റെ ലാഭം. കഴിഞ്ഞ വർഷം കടുത്ത വേനലായിട്ടും 500 കോടിയിലേറെ രൂപയുടെ കുറവ് വൈദ്യുതിവാങ്ങലിൽ ഉണ്ടായത് ശുഭസൂചകമായിരുന്നു. ഈ വർഷവും കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതിവാങ്ങലിൽ വളരെയധികം കുറവ് വന്നു.
ഈ വർഷം മഴ കൂടുതലായതോടെ ഡാമിലെ വെള്ളത്തിന്റെ അളവിൽ 600 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അധികം ലഭിച്ചിട്ടുമുണ്ട്. ഇതും വൈദ്യുതി വാങ്ങൽ കുറക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. കെ.എസ്.ഇ.ബി ആവശ്യകത കൂടിയ സമയത്തേക്കു മാത്രമാക്കിയ വൈദ്യുതി വാങ്ങൽ കരാറുകളിലേർപ്പെട്ടത് വൈദ്യുതി വാങ്ങൽ ചെലവ് വളരെയധികം കുറച്ചേക്കും.
പ്രതിവർഷം 3000 കോടി രൂപയുടെ കുറവ് വൈദ്യുതി വാങ്ങലിൽ വരുത്തിയാൽ രണ്ടു വർഷംകൊണ്ട് തീർക്കാവുന്ന ബാധ്യതയേ റെഗുലേറ്ററി ആസ്തിക്കുള്ളൂവെന്നാണ് ഊർജമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, സുപ്രീംകോടതി ഉത്തരവ് പാലിച്ചാൽ അടുത്ത രണ്ടു വർഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂനിറ്റിന് 90 പൈസ വർധിപ്പിക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി സൂചന നൽകിക്കഴിഞ്ഞിട്ടുണ്ട്. 1000 രൂപ ബിൽ ലഭിക്കുന്ന ഉപയോക്താവിന് ഏതാണ്ട് 200 രൂപയുടെ വർധന ബില്ലിൽ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
റെഗുലേറ്ററി ആസ്തി
ഓരോ സാമ്പത്തികവർഷവും അവസാനിച്ചുകഴിയുമ്പോൾ കമീഷൻ ഉത്തരവാക്കി നൽകിയ വരവുചെലവിൽനിന്ന് യഥാർഥത്തിൽ ചെലവഴിക്കേണ്ടിവന്നതിന്റെയും വരുമാനത്തിന്റെയും കണക്കുകൾ അംഗീകരിച്ചാണ് റെഗുലേറ്ററി കമീഷൻ ട്രൂയിങ് അപ്പ് ഉത്തരവായി പുറത്തിറക്കുന്നത്.
ട്രൂയിങ് അപ്പ് ഉത്തരവിൽ കമീഷൻ കണ്ടെത്തുന്ന വരവുചെലവിന്റെ കമ്മിയെയാണ് റെഗുലേറ്ററി ആസ്തിയെന്ന് പറയുന്നത്. പല കാരണങ്ങളാൽ കമീഷൻ റെഗുലേറ്ററി അസറ്റ് പൂർണമായി പിരിച്ചെടുക്കാൻ വൈദ്യുതി കമ്പനികളെ അനുവദിക്കാതിരിക്കുകയും, അത് ഒരു സഞ്ചിത തുകയായി പിരിച്ചെടുക്കാൻ കഴിയാതെ അക്കൗണ്ടിൽ ബാക്കിനിൽക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.