ഭാരമാവുമോ റെഗുലേറ്ററി അസറ്റ്? സർക്കാർ നിലപാട് നിർണായകം
text_fieldsKSEB
തിരുവനന്തപുരം: വൈദ്യുത വിതരണ കമ്പനികളുടെ കമ്മി നികത്താനുള്ള നടപടികൾക്ക് സുപ്രീംകോടതി വിധിയെത്തുടർന്ന് ആപ്ടെൽ (അപ്പലേറ്റ് ട്രൈബ്യൂനൽ ഫോർ ഇലക്ട്രിസിറ്റി) നടപടി തുടങ്ങിയതോടെ കേരളത്തിൽ സർക്കാർ നിലപാട് നിർണായകമാവും. റെഗുലേറ്ററി ആസ്തിയായി മാറിയ വൈദ്യുതി വിതരണ കമ്പനികളുടെ മുൻകാല വരുമാനക്കമ്മി അടുത്ത രണ്ടര വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കെ.എസ്.ഇ.ബിയുടെ റെഗുലേറ്ററി അസറ്റ് 6000 കോടിയോളമാണ്.
കോടതി ഉത്തരവ് നടപ്പാക്കേണ്ടി വന്നാൽ അടുത്ത രണ്ടു വർഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂനിറ്റിന് ഒരു രൂപ വരെ വർധിപ്പിക്കേണ്ടിവരും. ഉപഭോക്താക്കളിലേക്ക് കൂടുതൽ ഭാരം എത്തുന്ന സാഹചര്യം ഒഴിവാകണമെങ്കിൽ സർക്കാർ ഇടപെടേണ്ടിവരും. സമീപകാലത്ത് രണ്ടുതവണ വൈദ്യുതി നിരക്ക് വർധിപ്പിച്ച സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതുതന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിതരണ കമ്പനികളുടെ നഷ്ടം നികത്താൻ വലിയ തോതിൽ താരിഫ് വർധിപ്പിക്കുന്നത് ഒഴിവാക്കാൻ പിന്നീട് നികത്താമെന്ന ധാരണയോടെ ഒരുഭാഗം റെഗുലേറ്ററി കമീഷനുകൾ മാറ്റിക്കാറുണ്ട്. ഇതാണ് റെഗുലേറ്ററി ആസ്തിയായി കണക്കാക്കുന്നത്. ഇത് കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.