ദീർഘകാല കരാറിൽ റെഗുലേറ്ററി കമീഷൻ-കെ.എസ്.ഇ.ബി പോര്; നഷ്ടം 400 കോടി
text_fieldsപാലക്കാട്: വൈദ്യുതി റെഗുലേറ്ററി കമീഷനും കെ.എസ്.ഇ.ബിയുമായുള്ള പോരിനിടെ സംസ്ഥാനത്തിന് നഷ്ടമായത് 400 കോടി രൂപ. 150 മെഗാവാട്ട് വൈദ്യുതി നൽകാൻ കരാറിലേർപ്പെട്ട ജിൻഡാൽ പവറിൽനിന്ന് ചുരുങ്ങിയ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള അവസരം നഷ്ടമായതിനെത്തുടർന്ന് 2023 ഡിസംബർ മുതൽ ഇതേ വൈദ്യുതിക്ക് കെ.എസ്.ഇ.ബിക്ക് അധികമായി അടക്കേണ്ടിവന്ന തുകയാണിത്. കമ്പനിയുമായി കരാർ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഒന്നിലേറെ തവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്ന റെഗുലേറ്ററി കമീഷൻ ഒടുവിൽ 15 മാസങ്ങൾക്കുശേഷം മാർച്ച് 12ന് വിഷയത്തിൽ പൊതു തെളിവെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്.
2014ൽ ക്ഷണിച്ച ടെൻഡർ പ്രകാരം കെ.എസ്.ഇ.ബിയുമായി 25 വർഷത്തേക്ക് കരാറിലേർപ്പെട്ട മൂന്ന് കമ്പനികളിലൊന്നാണ് ജിൻഡാൽ പവർ. നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ റെഗുലേറ്ററി കമീഷൻ 2023ലാണ് കരാറുകൾ റദ്ദ് ചെയ്തത്. കരാർ തുടരാൻ മന്ത്രിസഭ ആവശ്യപ്പെട്ടതോടെ 2023 ഡിസംബറിൽ കരാർ കമീഷൻ പുനഃസ്ഥാപിച്ചെങ്കിലും ജാബുവ പവറും ജിൻഡാൽ ഇന്ത്യ തെർമൽ പവറും വൈദ്യുതി അപ്പലറ്റ് ട്രൈബ്യൂണലിനെയും (അപ്ടെൽ) സുപ്രീംകോടതിയെയും സമീപിച്ച് കരാർ പുനഃസ്ഥാപിച്ച നടപടി റദ്ദാക്കി.
അതേസമയം, ജിൻഡാൽ പവർ 150 മെഗാവാട്ട് വൈദ്യുതി തുടർന്നും നൽകാമെന്ന് ധാരണയിലെത്തിയെങ്കിലും കെ.എസ്.ഇ.ബി നൽകാനുള്ള കുടിശ്ശിക തുക സംബന്ധിച്ച ചർച്ചയിൽ തീരുമാനമായില്ല. കമ്പനി പിന്നീട് കരാർ പാലിക്കുന്നതിൽനിന്ന് വിട്ടുനിന്നു. കോടതിയെ സമീപിക്കാതിരുന്ന ജിൻഡാൽ പവറിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുവാദം തേടി 2023 ഡിസംബർ 29ന് റെഗുലേറ്ററി കമീഷനെ സമീപിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ നവംബറിൽ വീണ്ടും ഹരജി നൽകി. വൈദ്യുതിക്ഷാമം രൂക്ഷമായ സന്ദർഭത്തിൽ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ ദിവസം 26 ലക്ഷം യൂനിറ്റ് വൈദ്യുതി 4.25 രൂപക്ക് ജിൻഡാൽ പവറിൽ നിന്ന് ലഭിക്കുമായിരുന്നു.
ഇത് നഷ്ടമായെന്ന് മാത്രമല്ല യൂനിറ്റിന് എട്ടും പത്തും രൂപ മുടക്കി വൈദ്യുതി പുറമെനിന്ന് വാങ്ങേണ്ടിവരികയും ചെയ്തു. ഇതുവരെ 400 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കരാർ കമ്പനി വിട്ടുനിന്നതിലൂടെ ഉണ്ടായതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ജാബുവ പവറും ജിൻഡാൽ തെർമലും ട്രൈബ്യൂണലിനെയും സുപ്രീംകോടതിയെയും സമീപിച്ച് കരാർ റദ്ദാക്കിപ്പിച്ചപ്പോൾ ഈ കമ്പനികൾക്ക് മാത്രമേ കരാറിൽനിന്ന് വിട്ടുനിൽക്കാനുള്ള അനുവാദം നൽകിയിട്ടുള്ളൂവെന്ന് വിധിന്യായത്തിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.