വൈദ്യുതി വാങ്ങിയാൽ പോര, ഉപയോഗം കുറക്കണം
text_fieldsതിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത വർധിക്കുന്നതിനനുസരിച്ച് കൂടുതൽ വില നൽകി വാങ്ങുന്നതിന് പകരം ഉപയോഗം കുറക്കാൻ സജീവമായി ഇടപെടണമെന്ന് കെ.എസ്.ഇ.ബിയെ ഓർമിപ്പിച്ച് റെഗുലേറ്ററി കമീഷൻ.
വേനൽക്കാലത്ത് സംസ്ഥാനത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത വലിയതോതിൽ ഉയരുന്നതിനാൽ വിവിധ കരാറുകൾ വഴി വിലകൂടിയ വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. ഇത് കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യത കൂട്ടുന്നതിനൊപ്പം താരിഫ് വർധനയിലൂടെ ഉപഭോക്താക്കളിലും എത്തുന്നു.
വർഷങ്ങളായി തുടരുന്ന ഈ പ്രക്രിയ അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് കമീഷൻ ഏറ്റവുമൊടുവിൽ പുറത്തിറക്കിയ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ഉത്തരവിൽ കെ.എസ്.ഇ.ബിക്ക് മുന്നിൽ ബദൽ നിർദേശം അവതരിപ്പിച്ചത്.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളിലേറെയും ഗാർഹിക വിഭാഗത്തിലാണ്. വീടുകളിൽ വൈദ്യുതി കൂടുതൽ ആവശ്യമുള്ളത് വൈകുന്നേരവും രാത്രിയിലുമായതിനാൽ പീക്ക് സമയ ഉപയോഗം കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഉപയോഗം കുറക്കാൻ വ്യാപക പ്രചാരണ പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി നടത്തണമെന്നാണ് കമീഷൻ നിർദേശം.
വൈദ്യുത വിതരണ രംഗത്തെ ‘ഡിമാൻഡ് സൈഡ് മാനേജ്മെന്റ് (ഡി.എസ്.എം) കാര്യക്ഷമമല്ലെന്ന് വിലയിരുത്തുന്ന കമീഷൻ, ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വൈദ്യുതി വാങ്ങൽ കരാറുകളിൽ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്ന നിലപാടിലാണ് കമീഷൻ. പുതിയ ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകിയ ഉത്തരവിൽ ഇക്കാര്യം ആവർത്തിച്ച് ഓർമപ്പെടുത്തുന്നുണ്ട്. ഫുൾബോർഡോ ഉപസമിതിയോ പരിശോധിച്ചുവേണം വലിയ സാമ്പത്തിക ബാധ്യത വരുന്ന കരാറുകൾക്ക് അനുമതി നൽകാൻ.
ധനകാര്യ വിഷയങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള കൃത്യമായ ആസൂത്രണം വൈദ്യുതി വാങ്ങലിന് മുമ്പ് ഉണ്ടാകുന്നില്ലെന്ന വിമർശനവും കമീഷൻ ഉയർത്തിയിട്ടുണ്ട്. എന്നാൽ, വൈദ്യുതി ആവശ്യകത കൃത്യമായി നിരീക്ഷിച്ചാണ് കരാറുകളിൽ ഏർപ്പെടുന്നതെന്നാണ് കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ വാദം. പീക്ക് സമയ ആവശ്യകത കുറക്കാൻ വേനൽക്കാലത്ത് ബോധവത്കരണ പരിപാടികൾ നടത്താറുണ്ടെന്നും ഈ വേനലിലും അതിനുള്ള ക്രമീകരണമൊരുക്കുമെന്നും ബന്ധപ്പെട്ടവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.