ബൈക്കിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ; ദുരൂഹത അന്വേഷിക്കണമെന്ന് പരാതി
text_fieldsഅപകടത്തിനിടയാക്കിയ ബൈക്ക്, (ഉൾച്ചിത്രത്തിൽ മരിച്ച വിജയൻ, രതീഷ്)
പയ്യന്നൂർ: മാതമംഗലത്തിനടുത്ത് കടക്കരയിൽ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം. വിജയന്‍ (50), പുഞ്ഞുംപിടുക്ക രാഘവന്‍-പി.കെ. പത്മാക്ഷി ദമ്പതികളുടെ മകന്‍ രതീഷ് (40) എന്നിവരാണ് മരിച്ചത്. എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നായിരുന്നു അപകടം. ബൈക്കോടിച്ച ശ്രീദുലിനെ (27) പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. ഇവരുടെ ശരീരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിൽ വീണുകിടക്കുന്നതായാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് മക്കള്‍. സഹോദരന്‍ എം.എം. രാജന്‍ (വിമുക്തഭടന്‍). രതീഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: ബിന്ദു, സിന്ധു. രണ്ടുപേരും നാടന്‍ പണിക്കാരാണ്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകി. ബൈക്കിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി ബൈക്കോടിച്ച് വരുമ്പോൾ രണ്ടുപേർ റോഡിൽ കിടക്കുന്നതു കണ്ട് വെട്ടിച്ചപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീദുൽ ആദ്യം മൊഴിനൽകിയത്. ഇതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ, ഓർമയില്ലെന്ന് പറഞ്ഞ് പിന്നീട് മൊഴി തിരുത്തിയതായും പറയുന്നു. എന്നാൽ, വലിയ ബുള്ളറ്റ് അമിതവേഗത്തിലെത്തി ഇടിച്ചതാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.