വൈദ്യുതി ബില്ലിൽ ആശ്വാസം; ഫെബ്രുവരി മുതൽ യൂനിറ്റിന് ഒമ്പത് പൈസ കുറയും
text_fieldsപാലക്കാട്: ഫെബ്രുവരിയിലെ വൈദ്യുതി ബില്ല് യൂനിറ്റിന് ഒമ്പതു പൈസ കുറയും. വൈദ്യുതി വാങ്ങലിൽ വന്ന അധിക ചെലവ് പരിഹരിക്കാൻ ഇന്ധന തീരുവയിനത്തിൽ അധികമായി ഈടാക്കിയ ഒമ്പതു പൈസയാണ് ഫെബ്രുവരി മുതൽ ഇല്ലാതാകുന്നത്. വൈദ്യുതി ഉൽപാദനവുമായും വാങ്ങലുമായും ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്ക് അധിക ബാധ്യതയായ തുകയാണ് തീരുവ ഇനത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്നത്. യൂനിറ്റിന് പരമാവധി 10 പൈസയിൽ കൂടുതൽ ഈ ഇനത്തിൽ ഈടാക്കാനാവില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ നിഷ്കർഷിച്ചിരുന്നു. ഈ തുക കെ.എസ്.ഇ.ബിക്ക് ലഭിച്ചാലും ബാക്കി 21.73 കോടിയുടെ ബാധ്യതയുണ്ടെന്നും ഈ തുകകൂടി അധിക ഇന്ധന തീരുവയായി ഈടാക്കാൻ അനുവാദം വേണമെന്നും കാണിച്ച് കഴിഞ്ഞ നവംബറിൽ റെഗുലേറ്ററി കമീഷന് കെ.എസ്.ഇ.ബി അപേക്ഷ സമർപ്പിച്ചു. യൂനിറ്റിന് 9.41 പൈസ വെച്ച് പിരിക്കേണ്ടിവരുമെങ്കിലും ഒമ്പതു പൈസ നിരക്കിൽ അധിക തീരുവക്ക് അംഗീകാരം വേണമെന്നായിരുന്നു അപേക്ഷ.
ഡിസംബർ 10ന് റെഗുലേറ്ററി കമീഷൻ ഹിയറിങ് നടത്തി ജനുവരി മാസ ബില്ലിനൊപ്പം ഈടാക്കാൻ അനുവാദം നൽകുകയും ചെയ്തു. ഇതോടെ നിലവിൽ ഈടാക്കുന്ന, യൂനിറ്റിന് 10 പൈസ ഇന്ധന സെസിനോടൊപ്പം ഒമ്പതു പൈസ ചേർത്ത് 19 പൈസയുടെ ബിൽ ഉപഭോക്താക്കൾക്ക് അടിച്ചേൽപിക്കാൻ കളമൊരുങ്ങുകയും ചെയ്തു.
1000 വാട്സിന് താഴെ കണക്ടഡ് ലോഡുള്ള, 40 യൂനിറ്റിൽ താഴെ ഉപഭോഗമുള്ളവരെ തീരുവയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതായത്, ഇവരൊഴികെയുള്ളവരിൽ ശരാശരി 100 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് ഒമ്പതു രൂപ അധികബാധ്യത വന്നു. ഈ തുകയാണ് ഫെബ്രുവരിയിലെ ബിൽ മുതൽ കുറയുക. ഇത്തരത്തിൽ ഈടാക്കിയ അധിക തീരുവ സംബന്ധിച്ച വിവരം തുക ലഭിച്ച് ഒരാഴ്ചക്കകം അറിയിക്കണമെന്നും റെഗുലേറ്ററി കമീഷൻ നിർദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.