വികാരാധീനനായി പപ്പേട്ടൻ
text_fieldsകണ്ണൂർ: എം.ടിയും ടി. പത്മനാഭനും... മലയാളിക്ക് അഭിമാനമായ രണ്ടു പേരുകൾ ഒരുമിച്ച് കാണുമ്പോൾ അത്ര സുഖമുള്ള ചിന്തകളല്ല മനസ്സിലാദ്യം തെളിയുക. ടി. പത്മനാഭൻതന്നെ പറയുന്നപോലെ, ‘നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങളുണ്ട് ഞങ്ങൾ തമ്മിൽ’. ഓർമകൾ സാക്ഷിയാക്കി എഴുത്തിന്റെ പെരുന്തച്ഛൻ വിടപറയുന്ന നിമിഷങ്ങൾ ടി. പത്മനാഭൻ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലിരുന്ന് ടി.വിയിൽ കണ്ടു. സൂക്ഷിച്ചുനോക്കിയാൽ കണ്ണുകൾ ഈറനണിയുന്നത് കാണാമായിരുന്നു. ഇടക്കിടെ കണ്ണടകൾ പുസ്തകക്കെട്ടുകളിൽ വെച്ച് കണ്ണ് തുടക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് എം.ടി മരിച്ച വിവരം അറിഞ്ഞത്. ‘‘എം.ടി പോയെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് വിചാരിച്ചില്ല’’ -പത്മനാഭൻ പറഞ്ഞു. കോഴിക്കോട്ടെത്തി അവസാനമായി ഒരുനോക്ക് കാണണമെന്ന് ഏറെ ആഗ്രഹിച്ചു. പക്ഷേ, കഴിഞ്ഞമാസം വീട്ടിലൊന്ന് വീണു. 95ാം പിറന്നാളിന്റെ പിറ്റേന്ന് പതിവുപോലെ രാത്രിഭക്ഷണം കഴിഞ്ഞ് വാഷ് ബേസിന് അടുത്തേക്ക് നടന്നതാണ്. വെറുതെയങ്ങ് വീണു. വലത് തുടയുടെ ഭാഗത്ത് അത്യാവശ്യം പരിക്കുണ്ട്. എഴുന്നേൽക്കാനും നടക്കാനുമെല്ലാം ഒരാളുടെ താങ്ങ് വേണം. വടി വേണം. ഇനിയൊരു മൂന്നാഴ്ചകൂടി വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ, എങ്ങനെ കോഴിക്കോട്ട് പോയി എം.ടിയെ കാണും. എന്ത് ചെയ്യാനാണ് -കഥാകാരൻ നെടുവീർപ്പിട്ടു. അൽപനേരത്തെ മൗനത്തിനു ശേഷം കഥകൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചു.
‘‘രണ്ടു വർഷം മുമ്പ് തിരുവനന്തപുരത്ത് ഒരു പുസ്തകോത്സവത്തിലാണ് ഞങ്ങൾ കണ്ടത്. ഞാനും എം.ടിയും തമ്മിൽ പതിറ്റാണ്ടുകളുടെ പരിചയമാണ്. ശരിക്കും പറഞ്ഞാൽ 1950 മുതലുള്ള പരിചയം. അതായത്, പത്തെഴുപത്തഞ്ച് കൊല്ലമായുള്ള ബന്ധമാണ്. പ്രായത്തിൽ എന്നേക്കാൾ ചെറുപ്പമാണ് അദ്ദേഹം. ഞാൻ 96ാം വയസ്സിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഞങ്ങൾ തമ്മിലുള്ള അനുഭവങ്ങൾ ഒരുപാടുണ്ട് പറയാൻ. നല്ലതും ചീത്തയുമായ അനേകം കാര്യങ്ങളാണത്.
എം.ടി. സുഖമില്ലാതെ ആശുപത്രിയിലെത്തി എന്നറിഞ്ഞപ്പോൾതന്നെ വിഷമം തുടങ്ങി. എം.ടിയുടെ നാൽപതുകളിൽ സുഖമില്ലാതിരുന്നത് ഓർമയിലുണ്ട്. വലിയ പ്രയാസം നേരിട്ടെങ്കിലും രോഗം ഭേദമായി അന്ന് തിരിച്ചെത്തി. ഇത്തവണ അതുണ്ടാവില്ലെന്ന് എനിക്ക് തോന്നി. എനിക്കും അദ്ദേഹത്തിനും ചില വിഷമങ്ങളുണ്ട്. നേരിൽകണ്ട് കുറെ സംസാരിക്കണമെന്ന് കൊതിച്ചു. അതിനിടയിലാണ് ഈ വീഴ്ചയുണ്ടായത്. അല്ലെങ്കിൽ ഞാൻ തീർച്ചയായിട്ടും പോവുമായിരുന്നു. എന്നാലും അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചിട്ടില്ല.’’
‘എം.ടിയുടെ ലോകം വിശാലം, എന്റേത് ചെറുത്’
‘‘എന്നെപ്പോലെയല്ല അദ്ദേഹം. ഞാൻ ചെറിയൊരു മേഖലയിൽ ഒതുങ്ങിക്കൂടിയയാളാണ്. കഥ.. അതും ചെറിയ കഥ. നോവലില്ല, സിനിമയില്ല, ആത്മകഥയില്ല, നാടകവുമില്ല. എം.ടി അങ്ങനെയല്ല. എം.ടി കഥകളെഴുതി, നോവലുകളെഴുതി, തിരക്കഥ എഴുതി, സിനിമ സംവിധാനം ചെയ്തു. പല മേഖലകളിലും അദ്ദേഹം കൈവെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ലോകം ഏറെ വിശാലമാണ്. എന്റേത് ചെറിയ ലോകം. ഞാൻ അവിടെ ഒതുങ്ങിക്കൂടുകയായിരുന്നു. ഒതുങ്ങിക്കൂടിയത് എന്റെ സന്മനസ്സുകൊണ്ട് ഒന്നുമല്ല. എനിക്കത്രയേ കഴിയൂ. അതുകൊണ്ട് ഉള്ളതുകൊണ്ട് തൃപ്തനായി ഞാൻ എന്റെ ചെറിയ മേഖലയിൽ കഴിയുന്നു.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.