നബിസ്മരണ സന്തോഷപൂർണമായ സാമൂഹികജീവിതം നയിക്കാൻ ഊർജം പകരുന്നു -പിണറായി വിജയൻ
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജമാണ് നബിസ്മരണ പകർന്നുനൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നബിദിനാശംസകൾ നേർന്നുകൊണ്ട് എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
‘തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ പകർന്നുനൽകുന്നു. ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കാനും ഏവർക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീർക്കാനും നമുക്കൊരുമിച്ചു പ്രയത്നിക്കാം’ -മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകളും അദ്ദേഹം നേർന്നു.
ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണമെന്ന് ഓണാംശംസയിൽ മുഖ്യമന്ത്രി പറഞ്ഞു.
‘വിശാലമായ മനുഷ്യസ്‌നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്‌നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാൾ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജ്ജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം.
അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയിൽ നമുക്കൊരുമിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!’ -കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.