കപ്പലിൽ ഇറങ്ങി രക്ഷാസംഘം; തീയണക്കൽ യത്നം തുടരുന്നു, ചരക്കുകപ്പൽ പൊന്നാനി തീരം കടന്നു
text_fieldsവാൻഹായ് 503 ചരക്കുകപ്പലിലെ തീപിടിത്തം
കൊച്ചി: കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പൽ രക്ഷാപ്രവർത്തകരുടെ ഏറെക്കുറെ നിയന്ത്രണത്തിലായി. ഗുജറാത്തിലെ പോർബന്ദറിലെ എം.ഇ.ആർ.സി. ഓഫ്ഷോർ സർവിസസിൽനിന്നുള്ള വിദഗ്ധ സംഘം അതിസാഹസികമായി കപ്പലിലേക്ക് ഇറങ്ങി. ഇവരുടെയും കോസ്റ്റ്ഗാർഡിന്റെയും നേതൃത്വത്തിൽ തീ പൂർണമായി അണയ്ക്കാൻ ശ്രമം തുടരുകയാണ്. കപ്പൽ പുറം കടലിലേക്ക് കൂടുതൽ വലിച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘം ഏറെ പണിപ്പെട്ട് കപ്പലിന്റെ മുൻവശത്ത് തീ അണച്ച ഭാഗത്തായി ഇറങ്ങിയത്.
കപ്പലിന്റെ മുൻഭാഗത്തെ കൊളുത്തിലേക്ക് വടം കെട്ടി വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ കൂടുതൽ ഉൾസമുദ്രത്തിലേക്ക് വലിച്ചുമാറ്റാൻ ശ്രമം നടക്കുക. രക്ഷാപ്രവർത്തനത്തിലെ നിർണായക നേട്ടമായാണ് ദൗത്യസംഘം ഈ നീക്കത്തെ കാണുന്നത്. കത്തുന്ന കപ്പലിലേക്ക് സാധാരണ സുരക്ഷാകാരണങ്ങളാൽ അധികമാരും ഇറങ്ങാറില്ലെന്നും ഇത് ഏറെ നിർണായക ഇടപെടലാണെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു. തീ 40 ശതമാനത്തോളം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് സൂചന. ബുധനാഴ്ച ശക്തമായ മഴ പെയ്തതും ആശ്വാസമായി. എന്നാൽ കാണാതായ നാലു കപ്പൽ ജീവനക്കാരെ കണ്ടെത്താനായിട്ടില്ല.
സംഭവ സ്ഥലത്തുനിന്ന് ഏതാനും നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് ഭാഗത്തേക്ക് കപ്പൽ ഒഴുകി നീങ്ങിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം കോസ്റ്റ്ഗാർഡിന്റെ ഡ്രോണിയർ വിമാനത്തിന് ഉച്ചക്ക് മുമ്പ് നിരീക്ഷണ പറക്കൽ നടത്താൻ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞാണ് വിമാനം രക്ഷാദൗത്യത്തിന്റെ ഭാഗമായത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാഠിന്യം കുറഞ്ഞു തീ കുടുതൽ നിയന്ത്രണ വിധേയമായിട്ടുണ്ട്.
കോസ്റ്റ് ഗാർഡിന്റെ അഞ്ചു കപ്പലുകളാണ് 50 മീറ്റർ അകലെനിന്ന് വെള്ളം പമ്പ് ചെയ്ത് തീയണക്കാൻ തീവ്ര ശ്രമം നടത്തുന്നത്. വ്യാഴാഴ്ചയോടെ മംഗളുരുവിൽ നിന്നടക്കം നാലു കപ്പൽ കൂടി എത്തും. വ്യാഴാഴ്ച വൈകിട്ടോടെ തീ പൂർണമായി അണക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞില്ലെങ്കിൽ യു.കെ, സ്പെയിൻ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽനിന്ന് വിദഗ്ധരെ കൊണ്ടുവരാനും ആലോചനയുണ്ട്.
നിലവിൽ പത്ത് മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ അവസ്ഥയിലാണ് കപ്പൽ. ഒപ്പം കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു. കണ്ടെയ്നറുകൾ വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇവയിലെ അപകടകരമായ രാസപദാർഥങ്ങളും കീടനാശിനികളും സൃഷ്ടിച്ചേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ആശങ്ക തുടരുകയാണ്.
തീ പൂർണമായി കെടുത്തുന്നതിനും കാണാതായവരെ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾക്കാണ് കോസ്റ്റ് ഗാർഡ് ഊന്നൽ നൽകുന്നത്.
രണ്ടു ദൗത്യവും പൂർത്തിയാക്കിയ ശേഷമാകും അടുത്ത ഘട്ടം. കടലിൽ വീണ കണ്ടെയ്നറുകൾ ഉടൻ കേരള തീരത്ത് എത്താൻ സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടൽ. എങ്കിലും തീരമേഖലകളിൽ നിരീക്ഷണവും ജാഗ്രതാ നിർദേശവുമുണ്ട്.
അതേസമയം, വാൻഹായ് ചരക്കുകപ്പൽ അപകടസ്ഥലത്തുനിന്ന് മൈലുകൾ പിന്നിട്ട് മലപ്പുറം ജില്ലയിലെ പൊന്നാനി തീരം കടന്നു. ബുധനാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ് ഹൗസിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. ഒരു നോട്ട് (മണിക്കൂറിൽ 1.85 കി.മീറ്റർ) മുതൽ 1.2 നോട്ട് വരെയാണ് തീപിടിച്ച് തകർന്ന കപ്പലിന്റെ വേഗം. ബുധനാഴ്ച പുലർച്ച തിരൂർ തീരത്തുനിന്ന് 56 നോട്ടിക്കൽ മൈൽ പിന്നിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.