താൽക്കാലിക ജീവനക്കാർക്ക് നിബന്ധന ‘സ്ഥിര നിയമനവാദം ഉന്നയിക്കില്ല’
text_fieldsപാലക്കാട്: കരാർ, ദിവസവേതന നിയമനം നടത്തുമ്പോഴും സേവന കാലാവധി നീട്ടുമ്പോഴും ‘സ്ഥിര നിയമന’ വാദം ഉന്നയിക്കില്ലെന്ന നിബന്ധന കരാറിലുൾപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവ്. സർക്കാർ, അക്കാദമികൾ പോലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസ വേതനത്തിൽ ജോലിചെയ്ത് പിന്നീട് സ്ഥിരനിയമന വാദം ഉന്നയിച്ച് നിയമനടപടികൾ സ്വീകരിക്കുന്നത് തടയാനാണ് ഈ നിബന്ധന.
‘ഈ തസ്തികയിലോ വകുപ്പിലോ സ്ഥാപനത്തിലോ ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വകുപ്പിലോ സ്ഥാപനങ്ങളിലോ തസ്തികകളിലോ സ്ഥിരപ്പെടുത്താൻ യാതൊരു അർഹതയുമുണ്ടാവില്ല’ എന്ന നിബന്ധന കരാറിൽ ഉൾപ്പെടുത്തണമെന്ന് ധനവകുപ്പിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
ചില സ്ഥാപനങ്ങളിൽ ദിവസ, കരാർ ജോലിയിൽ പ്രവേശിക്കുമ്പോൾ ‘ സ്ഥിര നിയമന വാദം ഉന്നയിക്കില്ലെ’ന്ന സത്യവാങ്മൂലം വാങ്ങാറുണ്ടെങ്കിലും കരാറിന്റെ ഭാഗമാക്കിയിരുന്നില്ല. അതിനാൽ നിയമപരമായി അത്തരം സത്യവാങ്മൂലം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഡ്രൈവർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർ ഓഫിസ് മേധാവിയുടെ നിർദേശത്തിൽ അവധി ദിനങ്ങളുൾപ്പെടെ മാസം 27 ദിവസത്തിലധികം ഔദ്യോഗിക കൃത്യനിർവഹണം നടത്തേണ്ട സാഹചര്യം വന്നാൽ അധികദിവസങ്ങളിലെ വേതനത്തിന് മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അർഹത ഉണ്ടാകുമെന്ന് ഉത്തരവിലുണ്ട്.
ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് അർഹത. മെട്രോ നഗരങ്ങളിലെ കേരള ഹൗസ് ദിവസ വേതന ജീവനക്കാർക്ക് ദിവസവേതനത്തിലുപരി അഞ്ച് ശതമാനം വർധനക്ക് അർഹതയുണ്ടാകും.
സർക്കാർ അനുമതി കൂടാതെ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുകയോ കാലാവധി ദീർഘിപ്പിച്ച് നൽകുകയോ ചെയ്താലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ പൂർണ ഉത്തരവാദിത്തം നിയമന അധികാരിക്കായിരിക്കും. വിരമിച്ചവരെ കരാറടിസ്ഥാനത്തിലോ ദിവസ വേതനാടിസ്ഥാനത്തിലോ നിയമിക്കുമ്പോൾ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിൽ നിന്ന് പെൻഷൻ കുറച്ച തുക, അതത് കാലത്തെ കരാർ വേതനം, മാസക്കണക്കിൽ കണക്കാക്കുന്ന ദിവസവേതനം ഇതിൽ ഏതാണോ കുറഞ്ഞ തുക, ആ തുക വിരമിച്ച ജീവനക്കാരന്റെ കരാർ, ദിവസവേതനമായി നിജപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.