സർക്കാർ ഓഫിസുകൾ മോടിപിടിപ്പിക്കുന്നതിനും വാഹനം വാങ്ങുന്നതിനും നിയന്ത്രണം
text_fieldsതിരുവനന്തപുരം: സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ധനവകുപ്പ് നീട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് തീരുമാനം. നവംബർ ഒമ്പത് മുതൽ ഒരു വർഷത്തേക്ക് നിയന്ത്രണം നീട്ടാനാണ് തീരുമാനം. ധനവകുപ്പ് ചീഫ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടേതാണ് ബുധനാഴ്ച ഇറങ്ങിയ ഉത്തരവ്. നേരത്തെ 2021 നവംബറിലായിരുന്നു ഇതേ ഉത്തരവിറങ്ങിയത്. വിദേശയാത്രക്കടക്കം നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞയാഴ്ച മറ്റൊരു ഉത്തരവും ധനവകുപ്പ് ഇറക്കിയിരുന്നു. അതേസമയം വിലക്കുണ്ടായിട്ടും മന്ത്രിസഭ അനുമതിയോടെ സർക്കാർ വകുപ്പുകളിൽ വാഹനങ്ങൾ യഥേഷ്ടം വാങ്ങിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിശ്ചയിച്ച സമിതികളുടെ ശിപാർശകൾ പരിഗണിച്ചായിരുന്നു 2020 നവംബർ അഞ്ചിന് ധനവിനിയോഗം ക്രമീകരിക്കാൻ നിയന്ത്രണ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നേരത്തെ ചെലവ് നിയന്ത്രണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനവകുപ്പ് ഉത്തരവിട്ടിരുന്നു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ ഉൾപ്പെടെ സർക്കാർ സഹായം നൽകുന്ന സ്ഥാപനങ്ങളോട് ധനവിനിയോഗ നിയന്ത്രണം കർക്കശമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.