മാധ്യമത്തിൽ നിന്ന് വിരമിച്ചു
text_fieldsഒ. ഉമറുൽ ഫാറൂഖ്,അബ്ദുൽ മഹ്ഷൂക്
കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂനിറ്റിലെ സീനിയർ ന്യൂസ് എഡിറ്റർ ഒ. ഉമറുൽ ഫാറൂഖും സീനിയർ ഡി.ടി.പി ഓപറേറ്റർ കെ.സി. അബ്ദുൽ മഹ്ഷൂക്കും വിരമിച്ചു. 1992ൽ മാധ്യമത്തിൽ ചേർന്ന ഉമറുൽ ഫാറൂഖ് 32 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.
മാധ്യമം ഓൺലൈൻ ന്യൂസ് എഡിറ്ററായും കോഴിക്കോട് മലപ്പുറം ബ്യൂറോകളിൽ ബ്യൂറോ ചീഫായും കൊച്ചിയിൽ റിപ്പോർട്ടറായും സേവനമനുഷ്ഠിച്ചു. റവന്യൂവകുപ്പിലെ അഴിമതി, കാലിക്കറ്റ് സർവകലാശാലയിലെ കെടുകാര്യസ്ഥത, നെടുങ്ങാടി ബാങ്കിന്റെ തകർച്ച, ഇന്ത്യയിലെ ഭ്രാന്തിപ്പശു രോഗം, കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ തുടങ്ങിയ ഉമറുൽ ഫാറൂഖിന്റെ റിപ്പോർട്ടുകൾ ശ്രദ്ധേയമായിരുന്നു.
റേഡിയോ നെതർലൻഡ്സ് ട്രെയിനിങ് സെന്ററിൽനിന്ന് ഓൺലൈൻ ജേണലിസത്തിലും ബെർലിൻ ആസ്ഥാനമായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജേണലിസത്തിൽനിന്ന് ഒാൺലൈൻ മീഡിയ മാനേജ്മെന്റിലും പരിശീലനം ലഭിച്ചു. ബാങ്കോക്ക് കേന്ദ്രമായ ഏഷ്യ മീഡിയ ഫോറം ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ജേണലിസ്റ്റ് യൂനിയൻ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഒ.കെ. ഷാഹിദയാണ് ഭാര്യ. മക്കൾ: ഹാസിൽ ഫാറൂഖ് (മാധ്യമപ്രവർത്തകൻ, ലണ്ടൻ ഡെയ്‍ലി ഡിജിറ്റൽ, ബ്രിട്ടൻ), മെഹ്ന ഫാറൂഖ് (ബി.ടെക് വിദ്യാർഥിനി, ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം).
1992ൽ മാധ്യമത്തിൽ ചേർന്ന മഹ്ഷൂക്ക് 32 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് ചെലവൂർ സ്വദേശിയാണ്. തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, കൊച്ചി, തൃശൂർ യൂനിറ്റുകളിലും ജോലിചെയ്തു. ഭാര്യ പി.കെ. സക്കീന. മകൾ: ആയിഷ ജൂഹി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.