ഇന്ന് അധ്യാപക ദിനം: ഈ അധ്യാപകർ എന്നും ലഹരിക്കെതിരെ തൂഫാനാണ്
text_fieldsനാരായണൻ, അബ്ദു റഹിമാൻ, അലവി കുട്ടി ബാഖവി
പരപ്പനങ്ങാടി: അധ്യാപക കാലഘട്ടത്തിലും വിശ്രമ ജീവിതത്തിലും ലഹരിക്കെതിരെ വിശ്രമമറിയാതെ പണിയെടുക്കുന്ന ഈ മൂന്നു അധ്യാപകരും എക്കാലത്തും നാടിനും അധ്യാപക സമൂഹത്തിനും തിളക്കമാർന്ന മാതൃകയാണ്. നവതിയുടെ നിറവിലും പൊതു പ്രവർത്തന സേവന രംഗത്ത് ക്ഷുഭിത വിപ്ലവ യൗവനം കാത്തു സൂക്ഷിക്കുന്ന പി.കെ. നാരായണൻ മാസ്റ്റർ മദ്യ നിരോധന സമിതി ജില്ല പ്രസിഡൻറ്, ഗാന്ധി ദർശൻ പ്രചാരകൻ, വയോജന ക്ഷേമ സമിതി അധ്യക്ഷൻ, തുടങ്ങി നിരവധി പൊതു വേദികളിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണങ്ങളുടെയും സമരങ്ങളുടെയും തീക്ഷ്ണ ഇടപെടലുകളുമായി അധ്യാപക ജീവിതത്തിന്റെ ഒഴിവു സമയങ്ങളെ ധന്യമാക്കി. യുവത്വത്തിലും വിശ്രമ കാലമെന്ന് വീണുകിട്ടിയ വാർധക്യത്തിലും ലഹരിക്കെതിരെ തൂഫാനായി സമരം തുടരുകയാണ് പി.കെ. നാരായണൻ മാസ്റ്റർ.
എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഇ.പി. അബ്ദു റഹിമാൻ മാസ്റ്റർ വർഷങ്ങൾക്കു മുമ്പെ വിദ്യാർഥികൾക്കിടയിൽ രാസ ലഹരിക്കെതിരെ തൂഫാനായി നിലകൊണ്ട പോരാളിയാണ്. അക്കാലത്ത് എം.ഡി.എം.എ, സ്റ്റാമ്പ് തുടങ്ങിയ പേരുകൾ നാടിന് സുപരിചിതമല്ലങ്കിലും വിദ്യാർഥികളെ പുതിയ തരം ലഹരിയുമായി വല വീശുന്ന സംഘം വിദ്യാലയ പരിസരങ്ങളിലുണ്ടെന്ന ബോധ്യം അബ്ദുറഹിമാൻ മാഷിനുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് കടുത്ത ജാഗ്രത നിർദേശം നൽകിയും നിരന്തരം ബോധവത്കരണം നടത്തിയും വിദ്യാർഥികളെത്തന്നെ ലഹരിവിരുദ്ധ പോരാളികളാക്കി മാറ്റാൻ ലഹരി വിരുദ്ധ ക്ലബുകൾ രൂപവത്കരിച്ചും തുടക്കമിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആയിരക്കണക്കിന് വിദ്യാർഥികളെ അപകടക്കെണിയിൽനിന്നും തടഞ്ഞുനിർത്തി.
2018ൽ സർവിസിൽനിന്നും വിരമിച്ച ഇ.പി. അബ്ദുറഹിമാൻ താനൂർ എച്ച്.എസ്.എം ഹയർ സെക്കൻഡറി അൺ എയിഡഡ് സ്കൂൾ പ്രിൻസിപ്പലായി മാറിയ ഘട്ടത്തിലും തന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് സമയം കണ്ടെത്തി. മദ്യ നിരോധന സമിതി ജില്ല, താലൂക്, മുനിസിപ്പൽ കമ്മിറ്റികളിലും അംഗമാണ് അബ്ദുറഹിമാൻ മാസ്റ്റർ.
രോഗ ശയ്യയിലും വീൽ ചെയറിലും അലവികുട്ടി മാഷ് ലഹരിക്കെതിരെ തൂഫാനായി ആഞ്ഞടിക്കുകയാണ്. സർക്കാർ സർവിസിൽനിന്ന് അറബി അധ്യാപകനായി വിരമിക്കുകയും സമസ്തയുടെ മതപഠന അധ്യാപകരുടെ ട്യൂട്ടറായും ഏറെ കാലം അധ്യാപകരുടെ അധ്യാപകനായും സേവനം അനുഷ്ടിച്ച അലവി കുട്ടി ബാഖവി രോഗ ശയ്യയിൽ കിടന്നും വിൽ ചെയറിൽ ഉരുണ്ടും ലഹരിക്കെതിരെ പോരാടാൻ യുവാക്കളെക്കാൾ ആവേശമാണ്.
പാലക്കാട് ജില്ലയിൽ അധ്യാപകനായിരിക്കെ 1988 പ്രഫ. മൻമദന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് മദ്യ നിരോധന പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ അലവിക്കുട്ടി ബാഖവി ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയായി സേവനം തുടരുകയാണ്.
ലഹരിയെ സാമൂഹ്യ തിന്മകളുടെ മാതാവായി പഠിപ്പിക്കുന്നതിൽ ആത്മാർത്ഥതയുളള എല്ലാ വിശ്വാസികളും ലഹരിക്കെതിരെയുള്ള ജനാധിപത്യ പോരാട്ടത്തിൽ മുന്നണി പോരാളികളാകണമെന്നാണ് ഈ അധ്യാപകന്റെ പക്ഷം. മദ്യ നിരോധന സമര സംഘടനകൾക്കിടയിൽ ഐക്യത്തിന്റെ നേർ പാതയൊരുക്കാനും ഇരു മദ്യ നിരോധന സമിതികളുടെയും അമരത്തുണ്ടായിരുന്ന അലവികുട്ടി ബാഖവി ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. രോഗ ശയ്യയിൽ കിടക്കുന്നതിനിടയിലും ലഹരി വിരുദ്ധ പരിപാടികൾക്ക് ഒറ്റക്ക് വീൽ ചെയറിലെത്തുന്ന ഈ അധ്യാപകന്റെ നന്മാ വേശം പുതിയ തലമുറ പകർത്തി എഴുതേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

