കെ.എസ്.ആർ.ടി.സിയിൽ ഒത്തുപോകാതെ വരവും ചെലവും; മാർച്ചിലെ അന്തരം 132.18 കോടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ വരുമാനം കൂടിയെങ്കിലും ചെലവും വരവും തമ്മിലുള്ള അന്തരവും വർധിച്ചെന്ന് കണക്കുകൾ. 2021 നവംബറിൽ 123.17 കോടിയായിരുന്നു വരുമാനം. 2022 മാർച്ചിൽ ഇത് 158.55 കോടിയായി ഉയർന്നു. ടിക്കറ്റിതര വരുമാനം 1.55 കോടിയിൽനിന്ന് 7.18 കോടിയിലേക്കും. അതേസമയം ചെലവിലെ വർധന കൈയിലൊതുങ്ങാത്ത വിധമാണെന്ന് കണക്കുകൾ അടിവരയിടുന്നു. 2021 നവംബറിൽ 171.43 കോടിയായിരുന്നു ഇന്ധനവും ശമ്പളവും സ്പെയർപാർട്സുമടക്കം ആകെ ചെലവെങ്കിൽ 2022 മാർച്ചിൽ 290.73 കോടിയായി ഉയർന്നു.
നവംബറിൽനിന്ന് മാർച്ചിലേക്കെത്തുമ്പോൾ ചെലവും വരവും തമ്മിലുള്ള അന്തരം 48.26 കോടിയിൽനിന്ന് 132.18 കോടിയായാണ് മാറിയത്. സർക്കാർ ധനസഹായമാണ് അൽപം ആശ്വാസം. മാർച്ചിൽ 90 കോടിയുടെ സർക്കാർ ധനസഹായം കിട്ടിയിട്ടും 42.18 കോടി നഷ്ടത്തിലാണ് സ്ഥാപനം.
ഇന്ധനച്ചെലവ് അഞ്ച് മാസത്തിനിടെ 66.44 കോടിയിൽനിന്ന് 88.42 കോടിയായാണ് ഉയർന്നത്. ശമ്പള പരിഷ്കരണത്തോടെ ഈയിനത്തിലെ ചെലവ് 62.01 കോടിയിൽനിന്ന് 82 കോടിയായി.
ചെലവ് ചുരുക്കി വരുമാനം വർധിപ്പിച്ചാലേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്ന് മാനേജ്മെന്‍റിന് ബോധ്യമുണ്ടെങ്കിലും ഇത് എങ്ങനെയെന്നതിൽ മാത്രം വ്യക്തതയില്ല. ദീർഘദൂര സർവിസുകൾ പൂർണമായും സ്വിഫ്റ്റിലേക്ക് മാറുകയാണ്. ഇതുവഴിയുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം കെ.എസ്.ആർ.ടി.സിയിലേക്കെത്തുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേസമയം ലാഭകരമായ ദീർഘദൂര സർവിസുകൾ കൈവിടുന്നതോടെ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ നഷ്ടക്കണക്ക് വീണ്ടും കൂടാനാണ് സാധ്യത. നിലവിലെ സർവിസുകൾ കാര്യക്ഷമമാക്കാൻ യൂനിറ്റ് തലത്തിലും ജില്ലതലത്തിലും സോണൽതലത്തിലും സമിതികൾ രൂപവത്കരിക്കാനും ആലോചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.