റവന്യൂ വകുപ്പ്; സർക്കാർ ഉത്തരവ് അവഗണിച്ച് തുടരുന്നവർക്കെതിരെ നടപടി
text_fieldsപാലക്കാട്: ജോലി ക്രമീകരണ വ്യവസ്ഥ (വർക്ക് അറേഞ്ച്മെന്റ്) റദ്ദാക്കിയ സർക്കാർ ഉത്തരവിനെ 13 വർഷമായി അവഗണിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വടിയെടുത്ത് ലാൻഡ് റവന്യൂ കമീഷണർ. ജോലി ക്രമീകരണ വ്യവസ്ഥയിൽ റവന്യൂ വകുപ്പിൽ തുടരുന്നവരുടെ കണക്കെടുത്ത് നിയമനങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ദിവസം കമീഷണർ ഉത്തരവിട്ടു. 2012 ആഗസ്റ്റ് എട്ട്, 2022 നവംബർ നാല്, 2023 മാർച്ച് 24, 2024 ഏപ്രിൽ ഒന്ന് തീയതികളിൽ ജോലി ക്രമീകരണ വ്യവസ്ഥ ഇല്ലാതാക്കാനുള്ള വിവിധ ഉത്തരവുകൾ ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. നടപടിയില്ലാത്തതിനു പിന്നിൽ ഭരണാനുകൂല ജീവനക്കാരുടെ സംഘടനയുടെ സ്വാധീനമാണെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാറിൽനിന്നുള്ള സമ്മർദത്താലാണ് ഒടുവിൽ കർശന നടപടിക്ക് ലാൻഡ് റവന്യൂ കമീഷണറെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ധനസമ്പാദനം ലക്ഷ്യമിട്ടും വീടിനോടു ചേർന്നുള്ള ഇടങ്ങൾ തിരഞ്ഞെടുത്തും ജോലി ക്രമീകരണ വ്യവസ്ഥയിൽ തുടരുന്നവർക്കെതിരെയാണ് 2012 ആഗസ്റ്റ് എട്ടിന് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്. എന്നാൽ, ഉത്തരവ് പല വകുപ്പുകളും അവഗണിച്ച് ‘ജോലി ക്രമീകരണം’ തുടർന്നു. അനർഹമായി തുടരുന്ന ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ വകുപ്പ് തലവന്മാർ ശിപാർശ ചെയ്യണമെന്നതുൾപ്പെടെ നിരവധി മുന്നറിയിപ്പുകളുമായി 2023 മാർച്ച് 24ന് ധനവകുപ്പ് വീണ്ടും ഉത്തരവിറക്കി. അനർഹമായി തുടരുന്ന ‘വർക്കിങ് അറേഞ്ച്മെന്റുകൾക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാനും വകുപ്പ് തലവന്മാരോട് ധനവകുപ്പ് നിർദേശിച്ചിരുന്നു.
മറ്റു വകുപ്പുകളിൽ ഈ സമ്പ്രദായം അവസാനിപ്പിച്ചിട്ടും റവന്യൂ വകുപ്പിൽ ഉത്തരവ് കാര്യമായ ചലനമുണ്ടാക്കിയില്ല. മാത്രമല്ല, പല സുപ്രധാന തസ്തികകളിലും ആളില്ലാത്ത സ്ഥിതി തുടരുകയുമാണ്. ഒടുവിൽ സർക്കാർ നേരിട്ട് ഇടപെട്ടതോടെ ജോലിക്രമീകരണ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങളും വകുപ്പ് മേധാവിയുടെ വിശദീകരണവും തേടിയാണ് കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിറക്കിയത്.
മറ്റു വകുപ്പുകളിൽനിന്ന് വ്യത്യസ്തമായി റവന്യൂ വകുപ്പിലെ എച്ച്.ആർ.എം.എസ് ഓൺലൈൻ സ്ഥലംമാറ്റ പട്ടികയിൽ താലൂക്ക് ആസ്ഥാനങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കാനാവുക. കൂടുതൽ ‘ആദായം’ കിട്ടുന്ന കസേരകൾക്ക് ഭരണസംഘടനയിൽ വൻസ്വാധീനമുണ്ടാകണം. അതിനാൽ ‘ഡിമാൻഡി’നനുസരിച്ചുള്ള തൊഴിൽ ക്രമീകരണങ്ങൾക്ക് വകുപ്പുതലവന്മാരും സമ്മതംമൂളുക പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.