ചൊക്രമുടിയിൽ ഒരു പട്ടയം കൂടി റദ്ദ് ചെയ്ത് റവന്യൂ വകുപ്പ്; റദ്ദ് ചെയ്തത് റിസോര്‍ട്ടുള്ള ഭൂമിയുടെ പട്ടയം
text_fieldsപട്ടയം റദ്ദ് ചെയ്ത ഭൂമിയിലെ റിസോര്‍ട്ട്
അടിമാലി: ചൊക്രമുടി കയ്യേറ്റ വിഷയത്തില്‍ വീണ്ടും റവന്യൂ വകുപ്പിന്‍റെ നടപടി. ഒരു അനധികൃത പട്ടയം കൂടി ദേവികുളം സബ് കലക്ടര്‍ റദ്ദ് ചെയ്തു. ചൊക്രമുടിയുടെ തുടക്കത്തില്‍ വിന്‍റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്തത്. പട്ടയത്തില്‍ പറഞ്ഞിരിക്കുന്ന സര്‍വേ നമ്പറും എല്‍.എ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കയ്യേറി വ്യാജ പട്ടയം ചമച്ചെന്നതിന്‍റെ അടിസ്ഥാനത്തില്‍ പട്ടയം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്. ഇതോടെ ചൊക്ക്രമുടിയില്‍ റദ്ദ് ചെയ്ത പട്ടയങ്ങളുടെ എണ്ണം അഞ്ചായി.
അനധികൃതമായി കൈവശപ്പെടുത്തിയ ഒരേക്കര്‍ അഞ്ച് സെന്‍റിന്‍റെ പട്ടയമാണ് റദ്ദ് ചെയ്തത്. 274/1എന്ന സര്‍വേ നമ്പറില്‍ എല്‍.എ 926/69 മേരിക്കുട്ടി വര്‍ഗ്ഗീസ് വാഴവരയില്‍ എന്ന പട്ടയമാണ് വ്യാജമാണെന്ന് കണ്ടെത്തി ദേവികുളം സബ് കലക്ടര്‍ ജയകൃഷ്ണൻ റദ്ദ് ചെയ്തത്. പട്ടയമുള്‍പ്പെട്ടതായി കാണിച്ചിരിക്കുന്ന സര്‍വേ നമ്പര്‍ ചൊക്രമുടിയില്‍ കിലോമീറ്ററുകള്‍ അകലെ ബൈസണ്‍വാലി വില്ലേജിന്‍റെ പടിഞ്ഞാറേ ഭാഗത്താണ് എന്നിരിക്കെ 27/1ല്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മാണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെത്തി നേരിട്ട് അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പട്ടയം നല്‍കുന്ന ഓഫിസില്‍ സൂക്ഷിക്കുന്ന പട്ടയവുമായി നേരിട്ട് ബന്ധപ്പെട്ട അപേക്ഷ രജിസ്റ്റര്‍, പതിവ് ഉത്തരവ് രജിസ്റ്റര്‍, പട്ടയം നല്‍കുന്ന രജിസ്റ്റര്‍, പട്ടയ മഹസര്‍ പതിവ് ലിസ്റ്റ് എന്നിവയൊന്നും ഇല്ലായെന്ന് കണ്ടെത്തി. തുടര്‍ന്ന് ആറ് ഹിയറിങ്ങുകളും നടത്തി എന്നാല്‍ പട്ടയം റദ്ദ് ചെയ്യാതിരിക്കുന്നതിന് തക്ക രേഖകള്‍ ഒന്നും തന്നെ കയ്യേറ്റക്കാര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല തുടര്‍ന്നാണ് പട്ടയം റദ്ദ് ചെയ്തത്.
ഇതോടെ ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ റദ്ദ് ചെയ്തത് അഞ്ച് പട്ടയങ്ങളാണ്. വരും ദിവസ്സങ്ങള്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികളിലേയ്ക്കും റവന്യൂ വകുപ്പ് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പാറ പുറംപോക്കായ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജ പട്ടയമുണ്ടാക്കി അതീവ പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയില്‍ വന്‍കിട നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ. സലിംകുമാര്‍ റവന്യൂ മന്ത്രിയെ സമീപിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി ജില്ല കലലക്ടറാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും പിന്നീട് വിശദമായ അന്വേഷണവും നടപടികളും തുടര്‍ന്ന് വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.