ലിപി പരിഷ്കരണം; അഞ്ചു കമ്പ്യൂട്ടർ ലിപികൾകൂടി, എഴുത്തുരീതി വിശദീകരിച്ച് കൈപുസ്തകം
text_fieldsതിരുവനന്തപുരം: പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപകൽപന ചെയ്ത കമ്പ്യൂട്ടർ ലിപികൾ സർക്കാർ പുറത്തിറക്കി. തുമ്പ, മഞ്ജുള, മിയ, മന്ദാരം, രഹന എന്നിങ്ങനെ അഞ്ച് ലിപികളാണ് തയാറാക്കിയത്. ഇവ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകളിലും രേഖകളിലും ഈ ലിപികളാകും ഇനി ഉപയോഗിക്കുക. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. അടുത്ത വർഷം മുതൽ പാഠപുസ്തകങ്ങളിലും ഉപയോഗിക്കുക ഈ ലിപികളായിരിക്കും. ഇതിൽ മന്ദാരം, തുമ്പ ഫോണ്ടുകൾ സാധാരണ രീതിയിലും ഇറ്റാലിക്സിലും രൂപകൽപന ചെയ്തിട്ടുണ്ട്. നിലവിലെ മഞ്ജരി ഫോണ്ടിൽനിന്നാണ് മഞ്ജുള ഫോണ്ട് തയാറാക്കിയത്. ഇതുപോലെ നിലവിലെ മീര ഫോണ്ടിൽനിന്ന് മിയയും രചന ഫോണ്ടിൽനിന്ന് രഹനയും പരുവപ്പെടുത്തി. കീ ബോർഡുകളിലെ ഇപ്പോഴുള്ള ടൈപ്പിങ് രീതി മാറ്റാതെതന്നെ പുതിയ ലിപികൾ ലഭ്യമാകും വിധത്തിൽ സോഫ്റ്റ്വെയറിൽ സാങ്കേതികപ്പൊരുത്തവും വരുത്തിയിട്ടുണ്ട്.
ലിപി സമ്പ്രദായത്തിലെ സങ്കീർണത ഒഴിവാക്കുന്നതിനും ടൈപ്പിങ്ങിലും അച്ചടിയിലും മലയാള ഭാഷയുടെ ഉപയോഗം സുഗമമാക്കുന്നതിനുമാണ് ലിപി പരിഷ്കരണം വരുത്തുന്നത്. എഴുതുന്നതിന് ഒരു രീതിയും ടൈപ്പിങ്ങിനും അച്ചടിക്കും മറ്റൊരു രീതിയുമെന്ന വൈരുധ്യം ഒഴിവാക്കാനും വേണ്ടിയാണിത്. വാക്കുകൾ എഴുതുന്നതിൽ ഏകീകൃത രീതി നടപ്പാക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങളടങ്ങിയ കൈപ്പുസ്തകം പുറത്തിറക്കി. ലിപി പരിഷ്കരണത്തോടെ കൂട്ടക്ഷരങ്ങളുടെ എണ്ണം കൂടും. 1971ലെ ലിപി പരിഷ്കരണത്തിൽ 26 കൂട്ടക്ഷരങ്ങളാണുണ്ടായിരുന്നത്. ഇവ ഒഴികെയുള്ളവ ചന്ദ്രക്കലയിട്ട് ചേർത്തെഴുതാമായിരുന്നു. ഇത് മാറ്റി പിരിച്ചെഴുത്ത് അനിവാര്യമായവ ഒഴികെ എല്ലാ കൂട്ടക്ഷരങ്ങളും പഴയരീതിയിൽ എഴുതണമെന്നതാണ് പുതിയ നിർദേശം. ഇതോടെ കൂട്ടക്ഷരങ്ങൾ 65 ആകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.