പുതുക്കിയ ശമ്പളം ഏപ്രിലിൽ അലവൻസുകൾ മാർച്ച് മുതൽ
text_fieldsതിരുവനന്തപുരം: പതിനൊന്നാം ശമ്പള കമീഷന് ശിപാര്‍ശ പ്രകാരം പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂൈല ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. കമീഷന് ശിപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് മാര്‍ച്ച് ഒന്നുമുതലാകും പ്രാബല്യമുണ്ടാവുക. വിരമിക്കൽ ഒരുവർഷം നീട്ടണമെന്ന ശിപാർശ അംഗീകരിച്ചില്ല. ഉത്തരവ് രണ്ടുദിവസത്തിനകം പുറത്തിറങ്ങും. ഏഴ് ശതമാനം ക്ഷാമബത്ത കൂടി ഇതോടൊപ്പം നൽകും. ക്ഷാമബത്തയുടെ കാര്യത്തിലെ തീരുമാനം ശമ്പള കമീഷൻ സർക്കാറിന് വിട്ടിരുന്നു. ശമ്പള കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും പി.എഫിൽ ലയിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവും വൈകാതെ ഉണ്ടാകും.
കമീഷന് പ്രത്യേകമായി ശിപാര്‍ശ ചെയ്ത സ്കെയില്‍ ആരോഗ്യമേഖലയില്‍ മാത്രം അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമീഷന് ശിപാര്‍ശ ചെയ്ത സ്കെയിലുകള്‍, കരിയര്‍ അഡ്വാന്‍സ്മെൻറ് സ്കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനക്കുശേഷം ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്കാൻ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയാകും സമിതി കണ്‍വീനര്‍.
പെന്ഷന് പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനവകുപ്പിെൻറ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം എടുക്കും. അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എച്ച്.ആർ.എ അടിസ്ഥാന ശമ്പളത്തിെൻറ ശതമാനത്തിൽ നൽകണമെന്ന് ശമ്പള കമീഷൻ ശിപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ആലോചനയുണ്ടായെങ്കിലും നടപ്പാക്കാൻ തന്നെയാണ് തീരുമാനം. കമീഷൻ റിപ്പോർട്ടിലെ അനോമിലികളും മറ്റും റിപ്പോർട്ട് നടപ്പാക്കിയശേഷം പരിശോധിക്കും. എല്ലാ ജീവനക്കാർക്കും ഒരു പോലെ വർധന ഉണ്ടാകുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് സൂചിപ്പിച്ചു.
ശമ്പളവും പെൻഷനും പത്ത് ശതമാനം വർധിപ്പിക്കാനാണ് കമീഷൻ ശിപാർശ ചെയ്തിരുന്നത്. കുറഞ്ഞ അടിസ്ഥാനശമ്പളം 16,500ൽനിന്ന് 23,000 രൂപയാക്കാനും ഉയർന്നത് 1,20,000ൽ നിന്ന് 1,66,800 രൂപയാക്കാനുമായിരുന്നു നിർദേശം. ഫിറ്റ്മെൻറ് ആനുകൂല്യം കഴിഞ്ഞ പ്രാവശ്യത്തെ 12ൽ നിന്ന് പത്ത് ശതമാനമായി കുറക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.