വിവരാവകാശ കമീഷനെ ധിക്കരിച്ചു; എൻജിനീയർക്ക് പിഴ, സ്ഥലംമാറ്റം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അപേക്ഷകക്ക് വിവരം നൽകാതെ, വിവരാവകാശ കമീഷനെ ധിക്കരിച്ച ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് കാൽലക്ഷം രൂപ പിഴയും വയനാട്ടിലേക്ക് സ്ഥലംമാറ്റവും. കല്ലമ്പലം സ്വദേശിനി നൽകിയ വിവരാവകാശ അപേക്ഷയിൽ നിരുത്തരവാദപരമായി ഇടപെട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ബൈജുവിനെയാണ് ആറ്റിങ്ങൽ ഡിവിഷനിൽനിന്ന് കൽപറ്റയിലേക്ക് സ്ഥലംമാറ്റിയത്. പിഴ തുകയായ 25000 രൂപ ഈ മാസം 29 നകം ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്. വിവരാവകാശ കമീഷൻ നിർദേശത്തെ തുടർന്നാണ് അച്ചടക്ക നടപടി. പിന്നാലെ, വിവരാവകാശ നിയമം കർശനമായി പാലിക്കണമെന്ന് ഓർമിപ്പിച്ച് ജീവനക്കാർക്ക് ജല അതോറിറ്റി അറിയിപ്പ് നൽകി.
നാവായിക്കുളം പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി റോഡിൽ പൈപ്പ് ലൈൻ കണക്ഷന് കരാർ നൽകിയതിന്റെ വിശദാംശങ്ങൾ, എക്സ്കവേറ്റർ ഉപയോഗിച്ച് റോഡ് കുഴിക്കാൻ അനുമതി നൽകിയിട്ടുണ്ടോ, കരാറിന്റെ പകർപ്പ് തുടങ്ങിയ വിവരങ്ങളാണ് പരാതിക്കാരി ആവശ്യപ്പെട്ടത്. പഞ്ചായത്തിൽ ലഭിച്ച അപേക്ഷ അവിടെ നിന്ന് ജല അതോറിറ്റിക്ക് കൈമാറി. ജല അതോറിറ്റിയിൽ നിന്ന് പക്ഷേ, മറുപടി ലഭിച്ചില്ല. തുടർന്നാണ് അപേക്ഷക വിവരാവകാശ കമീഷനെ സമീപിച്ചത്.
ഹിയറിങ് നടത്തിയ കമീഷൻ ആവശ്യമായ നടപടികൾക്ക് നിർദേശം നൽകി. എന്നാൽ, ചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇത് അവഗണിക്കുകയും കമീഷൻ ഉത്തവിനെ ധിക്കരിച്ച് മറുപടി നൽകാതിരിക്കുകയുമായിരുന്നു. തന്റെ ഓഫിസിൽ അപേക്ഷ ഫീസ് അടച്ചില്ലെന്നതും പരാതി നിഷേധിക്കാൻ കാരണമായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു തവണ മാത്രമേ അപേക്ഷകനിൽ നിന്ന് ഫീസ് ഈടാക്കാവൂ. അപ്പീൽ അപേക്ഷകളിലും മറ്റ് ഓഫിസുകളിൽ നിന്ന് മറുപടിക്കായി കൈമാറുന്ന അപേക്ഷകളിലും വീണ്ടും ഫീസ് അടക്കാൻ ആവശ്യപ്പെടാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.