ജയിൽപുള്ളിക്ക് വിവരം തൽക്ഷണം ലഭ്യമാക്കി വിവരാവകാശ കമീഷണർ
text_fieldsആലപ്പുഴ: തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ. ഹക്കീം. അമ്പലപ്പുഴ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിലാണ് കായംകുളം അഗ്നിരക്ഷാനിലയം അധികൃതരിൽനിന്ന് വിവരങ്ങളടങ്ങിയ ഫയലിന്‍റെ കോപ്പികളും രേഖാ പകർപ്പുകളും തൽക്ഷണം ലഭ്യമാക്കിയത്.
2023 നവംബർ ആറാം തീയതിയാണ് തടവുകാരൻ വിവരാവകാശ അപേക്ഷ ജയിൽ അധികാരികൾ മുഖാന്തരം തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്തേക്ക് പരാതി സമർപ്പിച്ചത്. ഹിയറിങ് നോട്ടീസ് ജയിൽ അധികൃതർ കൈപ്പറ്റുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ തടവുപുള്ളിയെ ആലപ്പുഴയിൽ എത്തിച്ച് കമീഷൻ മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.
വിവരാവകാശ അപേക്ഷകൻ എന്ന നിലയിൽ ഹർജിക്കാരന് പറയാനുള്ള എല്ലാ വിവരങ്ങളും വിശദമായി കേൾക്കാൻ കമീഷൻ സമയം അനുവദിച്ചു. എതിർകക്ഷിയായ കായംകുളം അഗ്നിരക്ഷാനിലയത്തിലെ വിവരാധികാരി സമർപ്പിച്ച ഫയലുകളിൽനിന്ന് കമീഷൻ തെളിവെടുപ്പ് നടത്തുകയും രേഖകൾ തൽക്ഷണം നൽകാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ‘രേഖകൾ തനിക്ക് ലഭ്യമായിട്ടുള്ളതാണെന്ന് സത്യമായി ബോധിപ്പിച്ചു കൊള്ളുന്നു’ എന്ന് തടവുപുള്ളി എഴുതിനൽകുകയും ചെയ്തു.
കായംകുളം നഗരത്തിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിന് ആസ്പദമായ തെളിവുകൾക്ക് വേണ്ടിയാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
ഹിയറിങ്ങിൽ ആകെ പരിഗണിച്ച 15 പരാതികളിൽ 14 എണ്ണവും തീർപ്പാക്കി. ഒരെണ്ണം ജൂലൈ അഞ്ചിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.