ഹവാല ഇടപാട് വീണ സമ്മതിച്ചതെന്ന് ഇ.ഡി; മികച്ച തിരക്കഥയെന്ന് പരിഹസിച്ച് മുഹമ്മദ് റിയാസ്
text_fieldsമുഹമ്മദ് റിയാസ്
കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഉയർന്ന, വിവാദമായ റെഡ്ബുക്കിലുള്ളത് മുഹമ്മദ് റിയാസ് എം.എൽ.എയുമായി ഇടപെട്ട പണമിടപാടുകളുടെ വിവരങ്ങളാണെന്നും ഹവാല ഇടപാടുകൾ നടത്തിയതായി വീണ സമ്മതിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ദുബൈയിലുള്ള റിയാസിന്റെ സുഹൃത്ത് വി.പി. ഫൈജാസിന് പണം അയച്ചതിന്റെ വിവരങ്ങളും, റെഡ് ബുക്കിൽ ഇതിന്റെ കണക്കുകൾ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള വിശദാംശങ്ങളും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. റെഡ് ബുക്കിലെ ചില താളുകളുടെ പകർപ്പുകളും കണക്കുകളും സഹിതമാണ് ഡി.ജി.പിക്ക് കത്ത് നൽകിയത്.
എന്നാൽ, ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇ.ഡി ആരോപണങ്ങൾ മുഹമ്മദ് റിയാസ് തള്ളി. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡി തയാറാക്കിയ ഈ വ്യാജ തിരക്കഥക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും പരിഹസിച്ചു.
ഹവാല വഴി പണം കടത്തിയതിലും വിദേശത്ത് നിക്ഷേപം നടത്തിയതിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഇ.ഡി ഡി.ജി.പിക്ക് കത്ത് നൽകിയത്. വീണക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവിൽ നടന്ന ഇടപാടുകളാണിതെന്നും, ഈ തുക മുഴുവൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
പൊലീസ് കേസിനായി കാത്തുനിൽക്കാതെ ഹവാല, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ പ്രകാരം ഇ.ഡി തന്നെ നേരിട്ട് കേസ് എടുക്കാനുള്ള നീക്കത്തിലാണ്. കേസിൽ സി.എം.ആർ.എൽ കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ചോദ്യംചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് സാധ്യത.
അതേസമയം, ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇ.ഡി ഹവാല ഇടപാടെന്ന പേരിൽ തെറ്റായി ചിത്രീകരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇ.ഡി മൂന്നുതവണ വീണയെ ചോദ്യംചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. ചോദ്യംചെയ്യലിൽ രേഖപ്പെടുത്തിയ മൊഴിപ്പകർപ്പിൽ ഒപ്പിട്ടു നൽകിയത് വിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ മാത്രമാണെന്നും, അല്ലാതെ തെറ്റ് സമ്മതിച്ചല്ലെന്നും റിയാസ് വ്യക്തമാക്കി.
തന്റെ നിയോജകമണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി തുടങ്ങിയ ‘നമ്മൾ ബേപ്പൂർ’ എന്ന കൂട്ടായ്മയെ പോലും ഹവാല ഗ്രൂപ്പാക്കി മാറ്റാനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇത്തരം വഴിതിരിച്ചുവിടലുകൾ ഇ.ഡിയുടെ സ്ഥിരം രീതിയാണെന്നും ഇതിനുമുമ്പും തനിക്കെതിരെ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞുപോയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പൂർത്തിയാകുന്ന നിർണായക ദിവസം തന്നെ ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. മാധ്യമവിചാരണയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനാക്കാനാണ് ഇ.ഡി നീക്കമെങ്കിലും അന്വേഷണത്തിന് മുന്നിൽ ഒരടിപോലും പിറകോട്ട് പോകില്ല. നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വിചാരണവേളയിൽ കോടതിയിൽ വെളിപ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

