തൃശൂരിൽ പട്ടാപ്പകൽ കവർച്ച: മൂന്നുപേർ അറസ്റ്റിൽ
text_fieldsമോഷണ കേസിൽ അറസ്റ്റിലായ പ്രതികൾ
തൃശൂർ: നഗരത്തിലെ അരിയങ്ങാടിയിലെ സ്ഥാപനത്തിൽനിന്ന് പട്ടാപ്പകൽ രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഘത്തിലെ മൂന്നുപേർ ബംഗളൂരുവിൽ പൊലീസ് പിടിയിലായി. ഇടുക്കി കുമളി അമരാവതി സ്വദേശി പനംപറമ്പിൽ അലൻ തോമസ് (22), ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ് (22), എരട്ടേൽ വീട്ടിൽ അശ്വിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ അന്തർജില്ല മോഷണസംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാഡോ പൊലീസും ടൗൺ ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബർ 17ന് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഷട്ടർ പകുതി താഴ്ത്തി തൊട്ടടുത്ത സ്വന്തം സ്ഥാപനത്തിലേക്ക് ജീവനക്കാർ പോയ സമയം ഓഫിസിന്റെ അകത്തു കടന്ന പ്രതികൾ മേശയിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ കവരുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ ജില്ലകളിൽ ബൈക്ക് മോഷണ കേസുകളും നിരവധി മോഷണ കേസുകളും നിലവിലുണ്ട്. എറണാകുളത്തുനിന്ന് ബസിൽ തൃശൂരിലെത്തിയ സംഘം അരിയങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കറങ്ങി നടന്ന പ്രതികൾ ഒടുവിൽ ഷട്ടർ പാതി താഴ്ത്തിയ സ്ഥാപനത്തിൽ കയറുകയായിരുന്നു. പണം തട്ടിയശേഷം ട്രെയിൻ മാർഗമാണ് ഇവർ ബംഗളൂരുവിലേക്ക് കടന്നത്. വിദ്യാർഥികളെന്ന വ്യാജേനയാണ് ഇവർ മുറിയെടുത്തത്.
സമാനരീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ച അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും, ആഡംബര ജീവിതത്തിനുമാണ് ഇവർ മോഷണങ്ങൾ നടത്തിയിരുന്നത്. ഇവരിൽനിന്ന് വിലപിടിപ്പുള്ള ആറ് മൊബൈൽ ഫോണുകളും ആഡംബര വസ്തുക്കളും കണ്ടെടുത്തു. പ്രതികളെ തൃശൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ എൻ.ജി. സുവ്രതകുമാർ, എ.എസ്.ഐമാരായ ടി.വി. ജീവൻ, എം.പി. ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജെ. പ്രഭാത്, സിവിൽ പൊലീസ് ഓഫിസർ ഷിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.