എറണാകുളം-എസ്.എം.വി.ടി ട്രെയിനിലെ കവർച്ച; നഷ്ടമായ ബാഗ് തിരിച്ചു നൽകാൻ പണം ആവശ്യപ്പെട്ട പ്രതി പിടിയിൽ
text_fieldsഎം. ഗുണശേഖർ
ബംഗളൂരു: ബംഗളൂരു-ബംഗാർപേട്ട്- സേലം റൂട്ടിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിലടക്കം കവർച്ച പതിവാക്കിയയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര ചിറ്റൂർ സിംഗലഗുണ്ഡ സ്വദേശി എം. ഗുണശേഖറാണ് (43) അറസ്റ്റിലായത്. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പാലക്കാട് സ്വദേശിനി വി.എം. ദുർഗയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കവരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ അടക്കമുള്ളവ ഇയാൾ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു വിറ്റിരുന്നതെന്ന് കണ്ടെത്തി.
ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള എറണാകുളം-എസ്.എം.വി.ടി എക്സ്പ്രസിൽ (12683) എസ് 10 കോച്ചിൽ അപ്പർ ബർത്തിൽ ഉറങ്ങവേയാണ് ബാഗ് മോഷണം പോയത്. ബാഗിൽ രണ്ടു ഫോണും സ്കൂട്ടർ കീ, ബ്ലൂടൂത്ത് നെക്ക് ബാൻഡ് എന്നിവയും കുറച്ച് കാശുമാണുണ്ടായിരുന്നത്. ട്രെയിൻ കെ.ആർ പുരത്തെത്തിയപ്പോൾ ഒരാൾ തന്നെ വിളിച്ചുണർത്തിയെന്നും അവസാന സ്റ്റോപ്പെത്തിയെന്ന് പറയുകയും ചെയ്തതായി യുവതി പറയുന്നു. തുടർന്ന് അയാൾ അവിടം വിട്ടു.
എന്നാൽ, ഉറക്കമെണീറ്റ യുവതിക്ക് ബാഗ് നഷ്ടമായതായി മനസ്സിലായി. മറ്റൊരു നമ്പറിൽനിന്ന് തന്റെ ഫോണിൽ വിളിച്ചപ്പോൾ പ്രതി ഫോൺകാൾ അറ്റൻഡ് ചെയ്യുകയും ബാഗ് തിരിച്ചുനൽകാൻ പണം ആവശ്യപ്പെടുകയും ചെയ്തു. ചെറിയ തുക അയാൾ പറഞ്ഞതനുസരിച്ച് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ, പ്രതി കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. കേസെടുത്ത ആർ.പി.എഫ് പ്രതി ഗുണശേഖറിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടെ ട്രെയിനുകളിൽ ഇത്തരത്തിൽ നിരവധി മോഷണം നടത്തിയതായി വെളിപ്പെടുത്തി. ആറു ലക്ഷം രൂപ വിലവരുന്ന ഒമ്പത് മൊബൈൽ ഫോണുകളും അഞ്ച് ലാപ്ടോപ്പുകളും റെയിൽവേ സംരക്ഷണ സേന ഈറോഡിൽനിന്ന് വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.