നികുതി വെട്ടിച്ച് ട്രെയിനിൽ സ്വര്‍ണം കടത്തിയ കേസ്: 68 ലക്ഷം പിഴയീടാക്കി
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നികുതി വെട്ടിച്ച് ട്രെയിനില്‍ സ്വർണം കടത്തിയ സംഭവം ജി.എസ്.ടി ഇൻറലിജന്‍സ് അന്വേഷിക്കും. മുംബൈയില്‍നിന്ന് രാജസ്ഥാന് സ്വദേശി രമേശ് സിങ് രജാവത്ത് (28) കോഴിക്കോട്ടേക്ക് സ്വർണം കടത്തിയതാണ് അന്വേഷിക്കുന്നത്. അതേസമയം, പിടികൂടിയ സ്വർണാഭരണങ്ങൾ 68 ലക്ഷത്തോളം രൂപ പിഴയീടാക്കി ജി.എസ്.ടി വിഭാഗം വിട്ടുകൊടുത്തു.
മുംബൈയില്‍നിന്ന് വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് ആർ.പി.എഫ് രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന നാലു കിലോയിലേറെ തൂക്കംവരുന്ന ആഭരണങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രമേശ് ആഭരണങ്ങൾ കോഴിക്കോട്ടെ വിവിധ ജ്വല്ലറികളിലേക്ക് െകാണ്ടുവന്നതാണെന്ന് അറിയിച്ചു. സ്വർണത്തിെൻറ പൂർണമായ രേഖകൾ ഇദ്ദേഹത്തിന് ഹാജരാക്കാൻ കഴിയാതെവന്നതോടെ ആർ.പി.എഫ് കേസ് ജി.എസ്.ടി വിഭാഗത്തിന് കൈമാറുകയായിരുന്നു. പരിശോധനകൾക്കുശേഷം നികുതിയിനത്തില്‍ 1,91,748 രൂപയും പിഴയിനത്തില്‍ 65,83,364 രൂപയും ഉള്‍പ്പെടെ മൊത്തം 67,75,112 രൂപ ഈടാക്കിയാണ് പിടികൂടിയ സ്വർണാഭരണങ്ങൾ ജി.എസ്.ടി വിഭാഗം വിട്ടുകൊടുത്തത്.
നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്വർണം എത്തിച്ചതെന്ന് വ്യക്തമായതിനാൽ സെക്ഷൻ 130 പ്രകാരം സ്വർണാഭരണങ്ങൾ കണ്ടുകെട്ടാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ബന്ധപ്പെട്ടവർ നികുതിയും പിഴത്തുകയും ഓൺലൈനായി അടച്ചത്.
സെക്ഷൻ 130 പ്രകാരം പിഴയീടാക്കിയ ജില്ലയിലെ ആദ്യത്തെ കേസാണിത്. അന്വേഷണത്തില്‍ രമേശ് പതിവായി കേരളത്തിലേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നുണ്ടെന്നാണ് വ്യക്തമായത്. വിറ്റുവരവ് കണക്കുകളിലും നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതല്‍ അന്വേഷണം നടത്താൻ തീരുമാനിച്ചത്. രേഖകളില്ലാത്ത സ്വര്‍ണം വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമായതിനാല്‍ രമേശിൽനിന്ന് ആഭരണം വാങ്ങിയ ജ്വല്ലറികളുടെ പങ്കും ജി.എസ്.ടി വിഭാഗം പരിശോധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.