‘മൈക്ക് കണ്ടാൽ എന്ത് തോന്ന്യാസവും വിളിച്ചു പറഞ്ഞേക്കരുത്, ആ പതിവ് അവസാനിപ്പിക്കണം’ എം.വി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം മൂർധന്യത്തിൽ നിൽക്കുമ്പോൾ സി.പി.എമ്മിനെ വെട്ടിലാക്കി വിവാദ പ്രസ്താവന നടത്തിയ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. ‘മൈക്ക് കണ്ടാൽ എന്ത് തോന്ന്യാസവും വിളിച്ചു പറഞ്ഞേക്കരുത്. എപ്പോഴും എന്തും വിളിച്ചുപറയുന്ന പതിവ് അങ്ങ് അവസാനിപ്പിച്ചേക്കണം’ എന്നായിരുന്നു എം.വി. ഗോവിന്ദനെ വേദിയിലിരുത്തി, പേരുപറയാതെയുള്ള പിണറായി വിജയന്‍റെ പരോക്ഷ താക്കീത്.
തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് പാർട്ടി എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന ശിൽപശാലയിൽ സംസാരിക്കവെ, പ്രസംഗം അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഗോവിന്ദനെതിരായ മുഖ്യമന്ത്രിയുടെ വാക്കുകൾ. നിലമ്പൂരിൽ നല്ല രീതിയിൽ പാർട്ടി സംഘടന സംവിധാനം പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
യു.ഡി.എഫിന് വർഗീയ മുഖമാണെന്നുപറഞ്ഞുള്ള പ്രചാരണം സി.പി.എം കൊഴുപ്പിച്ചതിനുപിന്നാലെ, വോട്ടെടുപ്പിന് തൊട്ടുമുമ്പ് ചാനലിന് നൽകിയ അഭിമുഖത്തിൽ അടിയന്തരാവസ്ഥക്കും പിന്നാലെയുള്ള തെരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചെന്നായിരുന്നു ഗോവിന്ദന്‍റെ പ്രസ്താവന. സംഭവം വൻ വിവാദമായതോടെ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗോവിന്ദൻ വാർത്തസമ്മേളനം നടത്തി പറഞ്ഞതിൽ മലക്കംമറഞ്ഞിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് വാർത്തസമ്മേളനം നടത്തി സി.പി.എം ഒരു ഘട്ടത്തിലും ആർ.എസ്.എസുമായി കൂടിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടിക്ക് പ്രതിരോധമൊരുക്കിയത്.
ഗോവിന്ദന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വലിയ ചർച്ചയുമാക്കിയിരുന്നു. വോട്ടെടുപ്പിനുശേഷം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഭൂരിപക്ഷം അംഗങ്ങളും പ്രസ്താവനയെച്ചൊല്ലി ഗോവിന്ദനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. യോഗശേഷമുള്ള വാർത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഞാനും, മുഖ്യമന്ത്രിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും വിശദീകരിച്ചുകഴിഞ്ഞെന്നും ഇനി ചർച്ചക്കില്ലെന്നുമായിരുന്നു ഗോവിന്ദന്‍റെ മറുപടി.
ഞായറാഴ്ച നടന്ന പാർട്ടി ശിൽപശാലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുപുറമെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.