Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതികളിൽ പോലും ആർ.എസ്.എസ് സ്വാധീനമെന്ന് എം.എ ബേബി; ‘ദൗർഭാഗ്യവശാൽ ബിജെപിയെ പ്രതിപക്ഷം വേറൊരു പാർട്ടിയായി മാത്രം കാണുന്നു’

text_fields
bookmark_border
കോടതികളിൽ പോലും ആർ.എസ്.എസ് സ്വാധീനമെന്ന് എം.എ ബേബി; ‘ദൗർഭാഗ്യവശാൽ ബിജെപിയെ പ്രതിപക്ഷം വേറൊരു പാർട്ടിയായി മാത്രം കാണുന്നു’
cancel

കോഴിക്കോട്: കോടതികളിൽ പോലും ആർ.എസ്.എസ് സ്വാധീനമു​ണ്ടെന്നും അന്വേഷണ ഏജൻസികളിലെ അവരുടെ സ്വാധീനത്തിന്റെ ആഘാതം നമ്മുടെ പാർട്ടി അനുഭവിക്കുകയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. കോഴിക്കോട്ട് ചേർന്ന സി.പി.എം വിപുലീകരണ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ ഭരണകൂട സംവിധാനത്തിന്റെ മർമ്മപ്രധാനമായ സ്ഥാനങ്ങളിലെല്ലാം ആർഎസ്എസ് അതിൻറെ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ പാർട്ടി പരിപാടിയിൽ തന്നെ ആർ.എസ്.എസിനെ കുറിച്ച് പറയുന്നുണ്ട്. രാഷ്ട്രീയ സ്വയംസേവ സംഘം ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനയാണ്. അവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. അത് മറ്റൊരു രാഷ്ട്രീയ പാർട്ടി അല്ല.

ദൗർഭാഗ്യവശാൽ ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാർട്ടികൾ എല്ലാം ബിജെപിയെ വേറൊരു രാഷ്ട്രീയ പാർട്ടിയായിട്ട് മാത്രം കാണുകയാണ്. ഇൻഡ്യ സഖ്യം ഇന്നത്തെ സാഹചര്യത്തിൽ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്ക് എതിരായ സമരത്തിൽ ഒരു പങ്ക് വഹിക്കേണ്ടതാണ്. പക്ഷെ ആ പങ്ക് ഫലപ്രദമായി വഹിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട തടസ്സം, ആർഎസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെ കുറിച്ച് അവർക്ക് വ്യക്തമായ ധാരണയില്ല എന്നതാണ്. നമ്മളിൽനിന്നും അധികാരം കൈവശപ്പെടുത്തിയ വേറൊരു പാർട്ടി എന്ന രീതിയിൽ മാത്രമാണ് അവർ കാണുന്നത്.

ഇപ്പോൾ ഇന്ത്യൻ ഭരണകൂട സംവിധാനത്തിന്റെ മർമ്മപ്രധാനമായ സ്ഥാനങ്ങളിലെല്ലാം ആർഎസ്എസ് അതിന്റെ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോടതികളിൽ വരെ വലിയ തോതിലുള്ള സ്വാധീനമാണ്. ഇടക്കൊക്കെ ‘കൊള്ളാമല്ലോ, കോടതി ഇങ്ങനെ പറഞ്ഞല്ലോ’ എന്ന് തോന്നുന്ന ചില പ്രതികരണങ്ങൾ ചില സമയങ്ങളിൽ ചില കോടതികളിൽ വരാറുണ്ട്. അത് ഇന്ത്യൻ ഭരണകൂടത്തിന്റെ കേവല അനുബന്ധമായി നമ്മൾ ചുരുങ്ങിപോയിരിക്കുന്നു എന്ന ചിന്ത ജനങ്ങൾക്കിടയിൽ ശക്തിപ്പെടുന്നത് തടയാൻ വേണ്ടിയാണ് എന്നാണ് ഞാൻ കരുതുന്നത്. ഈ പറയുന്നതിന് യാതൊരു കൂസലുമില്ല. ഇത് കോടതിയലക്ഷ്യമാണെങ്കിൽ സുപ്രീം കോടതി എന്നെ വിളിച്ചാൽ അവിടെ പോയി ഞാൻ ഇത് പറയാൻ തയാറാണ്.

ഇതിന് എത്രയെത്ര ഉദാഹരണങ്ങളുണ്ട്. എങ്ങനെയാണ് കോടതികൾ പെരുമാറുന്നത് എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി മുൻ ജസ്റ്റിസ് തന്നെ ട്രിബ്യൂൺ പത്രത്തിൽ എഴുതിയ ഒരു ലേഖനമുണ്ട്. നമ്മുടെ സൈന്യവും അന്വേഷണ ഏജൻസികളുമെല്ലാം ആർഎസ്എസ് നുഴഞ്ഞുകയറ്റത്തിന് വിധേയമാവുകയാണ്.

അന്വേഷണ ഏജൻസികളിൽ ആർഎസ്എസ് നുഴഞ്ഞു കയറുന്നതിന്റെ പ്രത്യാഘാതം കേരളത്തിൽ ഇപ്പോൾ നമ്മുടെ പാർട്ടി നേതൃത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന് വേറെ അധികം വിശദീകരണങ്ങൾ ഒന്നും നൽകേണ്ട കാര്യമില്ല. ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ കൂടുതൽ കരുതലോടുകൂടി, ജാഗ്രതയോടുകൂടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എസ്ഐആർ എന്നാൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഓഫ് വോട്ടേഴ്സ് ലിസ്റ്റ് എന്നാണ്. എന്നാൽ, അത് സ്പെഷ്യൽ ഇന്റൻസീവ് റിമൂവൽ ഫ്രം വോട്ടേഴ്സ് ലിസ്റ്റ് എന്നായി മാറി.

നടൻ പ്രകാശ് രാജിന് വോട്ട് കിട്ടുമോ എന്ന കാര്യം സംശയമാണ്. മൂന്നിലധികം രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസിഡർ ആയി പ്രവർത്തിച്ച ആളുടെ പൗരത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയുമോ എന്ന പ്രശ്നമുണ്ട്.

ബംഗാളിൽ തെരഞ്ഞെടുപ്പ് സമയത്ത് ചെന്നപ്പോൾ അവിടുത്തെ പത്രങ്ങളിൽ വന്ന വാർത്തയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മൂന്ന് ഉദ്യോഗസ്ഥന്മാരുടെ ചിത്രം കണ്ടു. പക്ഷെ അവർക്ക് വോട്ടില്ല!. ഇങ്ങനെയുള്ള വിചിത്രമായ സംഭവം. കോടിക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നീക്കം ചെയ്യുന്നു. ഇതെല്ലാം പരസ്പര ബന്ധമായി പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് നടപ്പാക്കുന്നത്’ -ബേബി പറഞ്ഞു.

എവിടെ പിഴച്ചെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തണമെന്നും തെറ്റുകളിൽ തുറന്ന് പറയലുകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന കടമ്മനിട്ടയുടെ വരികൾ ഉദ്ധരിച്ചായിരുന്നു പ്രസംഗം. കമ്യൂണിസ്റ്റ് പ്രസ്ഥാനം സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതുതന്നെയാണ് നേട്ടങ്ങളിലേക്ക് നയിച്ചതും. എന്നാൽ, തെറ്റുകൾ സംഭവിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിച്ച് തിരിച്ചുവരികയും ജനസ്വാധീനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. സി.പി.എമ്മിന്റെ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന ചർച്ചകളും തീരുമാനങ്ങളുമാണ്‌ യോഗത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിന് അവരുടെ ചരിത്രം ഓർമയില്ലാത്ത പോലെയാണ് പല കോണിൽനിന്നുമുള്ള പ്രചാരണം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയും അതിന്റെ കാരണങ്ങളും കൃത്യമായി വിലയിരുത്തി ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, വ്യാജ നിർമിതികൾ സി.പി.എമ്മിന് തിരിച്ചടിയാണെന്നും അത് അറിയാൻ സാധിച്ചില്ലേ എന്നും പരിശോധിക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS influence even in courts: MA Baby; ‘Army and investigative agencies also subject to their infiltration’
Next Story