ഉടക്കി സർക്കാറും ഗവർണറും; ചൂടുപിടിച്ച് ഭാരതാംബ ചിത്ര വിവാദം
text_fieldsതിരുവനന്തപുരം: സർക്കാറുമായി നിരന്തരം ഇടഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ, സർക്കാർ-ഗവർണർ പോരിൽ സമവായം പ്രകടമായെങ്കിലും ഭാരതാംബയുടെ ചിത്രത്തിൽ ഉടക്കി വീണ്ടും പോരിലേക്ക്. രാജ്ഭവൻ സെൻട്രൽ ഹാളിൽ സ്ഥാപിച്ച കാവിക്കെടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പുതിയ രാഷ്ട്രീയവിവാദത്തിന് കാരണം. ചിത്രം അവിടെ നിന്ന് മാറ്റില്ലെന്ന് ഗവർണർ നിലപാട് അറിയിച്ചതോടെ, സർക്കാർ-ഗവർണർ പോരിന് വീണ്ടും കളമൊരുങ്ങി.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സർക്കാർ ബഹിഷ്കരിച്ചതാണ് വിഷയം വിവാദമായത്. തുടർന്ന്, സ്വന്തംനിലക്ക് രാജ്ഭവൻ പരിപാടി സംഘടിപ്പിച്ചു. ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടി മാറ്റി ത്രിവർണപതാകയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കണമെന്നായിരുന്നു സർക്കാർ നിലപാട്.
ഈ നിർദേശം ഗവർണർ അംഗീകരിച്ചില്ല. മാത്രമല്ല, രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ട് ഗവർണർ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ തന്നെയാണ് രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം.
സംഭവത്തിൽ കടുത്ത നിലാപടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽനിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നുമാണ് ഗവര്‍ണർ അടിവരയിടുന്നത്. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന ചോദ്യവും ഗവര്‍ണർ ഉന്നയിക്കുന്നു. സർക്കാർ നിലപാടിനെ ഗവർണർ പരസ്യമായി തള്ളി. ഇതാണ് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നത്.
മുഖ്യമന്ത്രിയടക്കം മന്ത്രിമാർക്ക് രാജ്ഭവനിലെത്തി ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ മാത്രമേ അത് നടക്കൂ. ആ ചിത്രം അവിടെയുണ്ടെങ്കിൽ സർക്കാർ പ്രതിനിധിക്ക് അവിടെ എത്താനാകുമോയെന്നതും ചോദ്യമായി അവശേഷിക്കുന്നു. അതേസമയം ഭരണഘടനലംഘനമാണ് രാജ്ഭവൻ നടത്തുന്നതെന്ന വിമർശനം മന്ത്രിമാരും പ്രതിപക്ഷവും ഉന്നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.