'അങ്ങ് ഇടപെട്ടാണ് അന്നൊരു വ്യാജ ഏറ്റുമുട്ടൽകൊല ഒഴിവാക്കപ്പെട്ടതെന്ന് പറഞ്ഞുകേട്ട അറിവുണ്ട്, എനിക്കെതിരെ കർണാടക സർക്കാർ ചുമത്തിയ പുതിയ കേസ് പിൻവലിക്കാൻ ഇടപെടണം'; ചെന്നിത്തലക്ക് തുറന്ന കത്തുമായി രൂപേഷ്
text_fieldsകൊച്ചി: തനിക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ചുമത്തിയ പുതിയ കേസ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി അംഗം രമേശ് ചെന്നിത്തലക്ക് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് തുറന്ന കത്തുമായി മാവോവാദി രൂപേഷ്. 2012ലെ കള്ളക്കേസ് ചുമത്തുന്നത് തന്‍റെ മോചനം തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് രൂപേഷ് കത്തിൽ പറയുന്നു. ഭാര്യ പി.എ. ഷൈനയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘അങ്ങ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് താനടക്കം അഞ്ചുപേരെ തമിഴ്നാട് കോയമ്പത്തൂരിനടുത്തുനിന്ന് ആന്ധ്ര സ്പെഷൽ ഇന്‍റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തതെന്നും അങ്ങ് ഇടപെട്ടതിന്‍റെ ഭാഗമായാണ് അന്ന് സ്വാഭാവികമായി സംഭവിച്ചേക്കാവുന്ന ഒരു വ്യാജ ഏറ്റുമുട്ടൽകൊല ഒഴിവാക്കപ്പെട്ടതെന്ന് പറഞ്ഞുകേട്ട അറിവുണ്ടെ’ന്നും കത്തിൽ പറയുന്നു.
ഇതിനുശേഷം 10 വർഷം കടന്നുപോയി. അങ്ങയുടെ പൊലീസ് കേരളത്തിൽ തനിക്കെതിരെ 26 യു.എ.പി.എ കുറ്റങ്ങൾ ചുമത്തിയുള്ള കേസുകളിൽ പ്രതിചേർത്തു. ഇതിൽ ഒരുകേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. കർണാടക പൊലീസ് 2015 ജൂണിൽ ഒരു യു.എ.പി.എ കേസിൽ പ്രതിചേർത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട ഒരു കേസ് അല്ലാതെ ഒരു പെറ്റിക്കേസ് പോലും ഇല്ലാതിരുന്ന തമിഴ്നാട്ടിൽ തനിക്കെതിരെ 15 കള്ളക്കേസുകൾകൂടി ചുമത്തിയിരുന്നു. കേരളത്തിൽ ചുമത്തിയ 25 യു.എ.പി.എ കേസുകളിൽ 15 എണ്ണത്തിൽ വിവിധ കോടതികൾതന്നെ കുറ്റവിമുക്തനാക്കി. കർണാടകയിൽ ചുമത്തിയ കേസിൽ 2023 മാർച്ചിൽ കുറ്റവിമുക്തനാക്കി. കഴിഞ്ഞ ജൂൺ 20ന് കർണാടക പൊലീസ് 2012ൽ രജിസ്റ്റർ ചെയ്യപ്പെട്ട ബൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലെ കേസിൽ തന്നെ പ്രതിചേർത്ത് ജയിലിലേക്ക് വാറണ്ടയച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.