ശബരിമല വികസന അതോറിറ്റി വരുന്നു; അധ്യക്ഷൻ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ വികസനത്തിന് മേൽനോട്ടം വഹിക്കാനും തീർഥാടനത്തിന് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ശബരിമല വികസന അതോറിറ്റി വരും. മുഖ്യമന്ത്രിയാണ് അധ്യക്ഷൻ. ദേവസ്വം മന്ത്രി ഉപാധ്യക്ഷനും ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളുമാകും. കെ.യു. ജനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.
ശബരിമല റോപ് വേ നിർമാണത്തിനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് കരാർ നൽകി. റോപ് വേ വരുന്നതോടെ, പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം ഇതിലൂടെയാകും. 4.53 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴയിൽ ഭൂമി അനുവദിച്ചു. വനംവകുപ്പിന്റെ ക്ലിയറൻസിന് പരിശോധന നടക്കുന്നു. 2050 വരെയുള്ള വികസന ആവശ്യങ്ങൾ മുന്നിൽകണ്ടാണ് മാസ്റ്റർപ്ലാൻ.
സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേ ഔട്ട് പ്ലാൻ. മകരവിളക്ക് സുഗമമായി കാണാനും തിരക്കൊഴിവാക്കാനും രണ്ട് ഓപൺ പ്ലാസകളുണ്ടാകും. വാഹനഗതാഗതം, കാൽനട എന്നിവ വേർതിരിക്കാൻ പെരിഫറൽ റിങ് റോഡുണ്ട്. സുരക്ഷയുറപ്പാക്കാൻ ക്ഷേത്രത്തോട് ചേർന്ന ഭാഗം വാഹനഗതാഗത നിരോധിത മേഖലയാക്കും. തെക്ക്, വടക്ക് രണ്ട് പ്രവേശന പോയന്റുകളുണ്ട്. തിരക്കു കുറക്കാൻ നിരവധി പുറത്തേക്കുള്ള (എക്സിറ്റ്) റൂട്ടുകളുമുണ്ടാകും. സന്നിധാനത്തിന്റെ വികസനത്തിന് 2027 വരെയുള്ള ആദ്യഘട്ടത്തിൽ 600.47 കോടി, 2033 വരെയുള്ള രണ്ടാം ഘട്ടത്തിൽ 100.02 കോടി, 2039 വരെയുള്ള മൂന്നാംഘട്ടത്തിൽ 77.68 കോടി വീതം ചെലവിടും. പമ്പ ട്രാൻസിറ്റ് ക്യാമ്പാകും. സന്നിധാനത്തേക്ക് കയറുന്നതിനും തിരിച്ച് ഇറങ്ങുന്നതിനും പ്രത്യേക സർക്കുലേഷൻ റൂട്ട് തയാറാക്കും. പമ്പ മേഖലയെ ലേഔട്ട് പ്ലാനിൽ ഒമ്പത് സോണുകളാക്കി പരമ്പരാഗത വാസ്തുവിദ്യാ ശൈലിയനുസരിച്ചായിരിക്കും നിർമാണങ്ങൾ. പമ്പ മണൽപുറം, ഹിൽടോപ്, ത്രിവേണി പാലം എന്നിവിടങ്ങളിൽ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പൂർണമായ കാഴ്ച ലഭിക്കാൻ കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തും. കാനനപാതയിലൂടെയുള്ള സുരക്ഷിത യാത്രക്ക് വിശ്രമസങ്കേതങ്ങളടക്കം ഉൾപ്പെടുത്തി ട്രക്ക് റൂട്ടുണ്ടാക്കും. ഇതോടൊപ്പം എമർജൻസി വാഹന പാതയുമുണ്ടാകും. ട്രക്ക് റൂട്ടിനിരുവശത്തും ബഫർസോണുണ്ടാകും.
പുതിയ നിർമാണങ്ങൾ:
പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ് വരെ പമ്പാ നദിക്ക് കുറുകെ സുരക്ഷാപാലം- ചെലവ് 31.9 കോടി
നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം- ചെലവ് 28.40 കോടി
കുന്നാർ- ശബരിമല സന്നിധാനം കുടിവെള്ള പൈപ്പ് ലൈൻ- ചെലവ് 9.94 കോടി
നിലയ്ക്കൽ ഇടത്താവളത്തിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം- 145 കോടി
സന്നിധാനത്ത് തന്ത്രിമഠം, പ്രസാദ നിർമാണ-വിതരണ സമുച്ചയം- 96 കോടി
സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങൾ- ചെലവ് 3.75 കോടി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.