ശബരിമല സ്വർണക്കൊള്ള: ശ്രീകോവിൽ വാതിലിന്റെ മഹസറിലും ‘സ്വർണമില്ല’, രേഖപ്പെടുത്തിയിരിക്കുന്നത് ‘പാളികൾ’ എന്ന്
text_fieldsപത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിൽ നിർമാണത്തിലും ഹൈകോടതി സംശയം പ്രകടിപ്പിച്ചിരിക്കെ, ഇതുമായി ബന്ധപ്പെട്ട മഹസറിൽ സ്വർണമെന്ന് രേഖപ്പെടുത്തിയിട്ടില്ല. സ്വർണം പൂശിയ കതകിനെ വെറും പാളികളെന്നാണ് എഴുതിയിരിക്കുന്നത്. മുൻ എക്സിക്യുട്ടീവ് ഓഫിസർ സുധീഷ് കുമാർ ആണ് മഹസർ തയാറാക്കിയത്.
രണ്ടര കിലോ സ്വർണം പൊതിഞ്ഞിരുന്ന പഴയ വാതിൽ മാറ്റിയാണ് 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ‘സ്പോൺസർഷിപ്പിൽ’ പുതിയ വാതിൽ നിർമിച്ചത്. പഴയ വാതിലിന്റെ വിടവിലൂടെ എലികൾ അടക്കം കയറുന്നുവെന്ന് തന്ത്രിയും മേൽശാന്തിയും അറിയിച്ചതോടെയാണ് 2018ൽ പുതിയ വാതിൽ നിർമിക്കാൻ ബോർഡ് തീരുമാനിക്കുന്നത്. തുടർന്ന് 2019 മാർച്ച് 11നാണ് പുതിയ വാതിൽ സ്ഥാപിക്കുന്നത്.
പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് സ്വർണം പൂശിയതാണ് വാതിൽ. പഴയ കതക് പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായും മഹസറിലുണ്ട്. പഴയ വാതിലിലുണ്ടായിരുന്ന സ്വർണത്തിന്റെ അളവും രേഖപ്പെടുത്തിയിട്ടില്ല.
പുതിയ വാതിൽ സ്ഥാപിച്ചപ്പോൾ പഴയത് സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ അടുത്തിടെയാണ് കതക് സ്ട്രോങ് റൂമിലേക്ക് മാറ്റിയതെന്നും അതുവരെ അഭിഷേക കൗണ്ടറിന് സമീപം അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെയാണ് പഴയ വാതിലിലെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റി കവർന്നോയെന്ന് അന്വേഷിക്കാൻ ഹൈകോടതി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

