തന്ത്രിക്കെതിരെ കർശനനടപടിക്ക് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: കൂടിയാലോചനയില്ലാതെ ശബരിമല നടയടച്ച തന്ത്രിക്കെതിരെ കർശനന ടപടി സ്വീകരിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവർ തന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. അനുമതിയില്ലാതെയാണ് തന്ത്രി നട അടച്ചിട്ട് പരിഹാരകർമം നടത്തിയതെന്ന് ബോർഡംഗം കെ.പി. ശങ്കരദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വന്തംനിലക്ക് തീരുമാനമെടുക്കാൻ തന്ത്രിക്ക് അവകാശമില്ല. ഗുരുതരവീഴ്ചയാണ് ഉണ്ടായത്. അടിയന്തരവിശദീകരണം തേടും. തുടർനടപടികൾ കൈക്കൊള്ളുന്നത് മറുപടി ലഭിച്ചശേഷമായിരിക്കും. സുപ്രീംകോടതി ഉത്തരവിെനതിരായ സമീപനമാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം പറഞ്ഞു.
തന്ത്രിയുടെ നടപടിയിൽ സർക്കാറും സി.പി.എമ്മും കടുത്ത അതൃപ്തിയിലാണ്. തന്ത്രിക്കെതിരെ കോടതിയലക്ഷ്യനടപടിയും ബോർഡ് നടപടിയുമുണ്ടാകണമെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുണ്ടാകുന്നത്. ദേവസ്വം നിയമപ്രകാരം തന്ത്രിക്ക് ഇത്തരത്തിലുള്ള ഒരു അധികാരവുമില്ലെന്നും ബോർഡിനാണ് പരമാധികാരമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ക്ഷേത്രനട അടയ്ക്കുമെന്ന് പ്രഖ്യാപിച്ച വേളയിൽ നടപടിയെടുക്കാതിരുന്നതാണ് ഇപ്പോൾ നട അടയ്ക്കാൻ കാരണമായതെന്ന അഭിപ്രായവും ബോർഡ് അധികൃതരിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.