ശബരിമല തീർഥാടനം: വിപുല ആരോഗ്യ സേവനങ്ങളൊരുക്കാൻ ആക്ഷൻ പ്ലാൻ
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആക്ഷൻ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി.
ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്ന് ലഭ്യത ഉറപ്പാക്കണം. ജീവനക്കാരുടെ നിയമനങ്ങൾ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ അധിക കിടക്കകൾ സജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.
കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. കോന്നി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയിൽ വിപുല കൺട്രോൾ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. പുതിയ നിലയ്ക്കൽ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിർമാണം തുടങ്ങാൻ നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.