ശബരിമല യുവതീപ്രവേശനം: വിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി
text_fieldsന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം തടഞ്ഞവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടു യുവതികൾ സുപ്രീംകോടതിയിൽ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, പാർട്ടി നേതാക്കളായ മുരളീധരൻ ഉണ്ണിത്താൻ, സിനിമ നടൻ കൊല്ലം തുളസി, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ പി. രാമവർമ രാജ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ രണ്ട് ഡസനോളം പുനഃപരിശോധന ഹരജികളും റിട്ട് ഹരജികളും വന്നതിന് പിറകെയാണ് സ്ത്രീപ്രവേശനം മുടക്കിയവർക്കെതിരായ ഹരജികളും വന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കൾക്കെതിരായ ഹരജി ഫയൽ ചെയ്തത് ഗീനാ കുമാരിയും തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബത്തിൽ നിന്നുള്ള ട്രസ്റ്റ് ചെയർമാൻ പി. രാമവർമ രാജ എന്നിവർക്കെതിരെ ഹരജി നൽകിയത് എ.വി വർഷയുമാണ്.
സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ വിധിക്ക് തൊട്ടുപിന്നാലെ, ആചാരം തെറ്റിച്ചാൽ നട അടക്കണമെന്ന് രാമവർമ രാജ, തന്ത്രി കണ്ഠരര് രാജീവരിന് കത്തെഴുതിയെന്ന് വർഷ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ഇരുവരും വിധി നടപ്പാക്കുന്നതിൽ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്തതിലൂടെ േകാടതിയെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തു. കോടതിയലക്ഷ്യ നിയമത്തിലെ 2 സി വകുപ്പ് പ്രകാരവും അതേ നിയമത്തിലെ 12ാം വകുപ്പ് പ്രകാരവും ഇവരുടെ നടപടി ശിക്ഷാർഹമാണെന്ന് വർഷ ഹരജിയിൽ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.