ശബരിമല മുൻതന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു
text_fieldsചെങ്ങന്നൂർ: ശബരിമല വലിയ തന്ത്രി ചെങ്ങന്നൂർ മുണ്ടങ്കാവ് താഴമൺമഠം കണ്ഠരര് മഹേശ്വരര് (92)അന്തരിച്ചു. രോഗബാധിതനായി ഏറെ നാളായി ശയ്യാവലംബിയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ചെങ്ങന്നൂർ മുണ്ടങ്കാവ് താഴമൺമഠത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ തിരുവല്ല കുഴിക്കാട്ട് ഇല്ലത്ത് ദേവകി അന്തർജനം. മക്കൾ: തന്ത്രി കണ്ഠരര് മോഹനരര്, മല്ലിക (ഫെഡറൽ ബാങ്ക്, പേരൂർക്കട, തിരുവനന്തപുരം), ദേവിക. മരുമക്കൾ: പന്തളം ഇടപ്പോൺ ചെന്നാത്ത് ഇല്ലത്ത് ആശ, അങ്കമാലി മയിലക്കോട്ടുമനക്കൽ രവി നമ്പൂതിരി (കസ്റ്റംസ് ഡയറക്ടർ, ഡൽഹി), ആറ്റിങ്ങൽ തോട്ടക്കാട്ട് മഠത്തിൽ പരേതനായ ഈശ്വരൻ നമ്പൂതിരി. ഇപ്പോഴത്തെ ശബരിമല തന്ത്രി മഹേഷ് മോഹനരര്, ടി.വി അവതാരകൻ രാഹുൽ ഈശ്വർ, സന്ദീപ്, ശ്രീലക്ഷ്മി എന്നിവർ ചെറുമക്കളും ശബരിമല തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനുമാണ്.
മിക്ക സംസ്ഥാനങ്ങളിലും വിദേശത്തും ഇദ്ദേഹത്തിന് താന്ത്രിക അവകാശമുള്ള ക്ഷേത്രങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ അയ്യപ്പധർമ പ്രചാര സമിതി അവാർഡ്, വേദ ആഗ്മസുധ അവാർഡ് (വാഷിങ്ടൺ), നമസ്‌കാര കീർത്തന അവാർഡ് (മുംബൈ), ആലുവ തന്ത്രവിദ്യാപീഠത്തിെൻറ തന്ത്രരത്ന പുരസ്‌കാരം, താന്ത്രികരത്ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വകെവക്കാതെ താന്ത്രിക ചടങ്ങുകളിലും പൂജാകർമങ്ങളിലും സജീവമായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
പതിനെട്ടാം പടി പഞ്ചലോഹം പൊതിഞ്ഞപ്പോൾ പുനഃപ്രതിഷ്ഠയും ആദ്യ പടിപൂജയും നടത്തിയത് തന്ത്രി മഹേശ്വരരാണ്. ശബരിമലയിലാണ് ഏറ്റവും അവസാനമായി പൂജ ചെയ്തത്. കഴിഞ്ഞ മൂന്നുവർഷത്തിലധികമായി വീട്ടിലും ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
തന്ത്രിയുടെ സഹായി, തന്ത്രി, വലിയ തന്ത്രി
തന്ത്രിയുടെ സഹായിയായും തന്ത്രിയായും പിന്നെ വലിയ തന്ത്രിയായും ശബരിമല അയ്യപ്പനെ സേവിച്ച കണ്ഠരര് മഹേശ്വരര് ക്ഷേത്ത്രിലെ ചിട്ടയിലും ആചാരങ്ങളിലും പുലർത്തിയത് കർക്കശ നിലപാടുകൾ. പൂജാദികാര്യങ്ങൾ മുതൽ പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്തുന്നതിനെ അദ്ദേഹം എന്നും എതിർത്തിരുന്നു. അതേസമയം, പ്രായോഗികമായ നിർദേശങ്ങൾ തള്ളിയിരുന്നുമില്ല.
ശബരിമല സ്ത്രീ പ്രവേശനം ആചാരവിരുദ്ധമാണെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. മകരവിളക്ക് കത്തിച്ചു കാട്ടുന്നതാണെന്ന് വെളിപ്പെടുത്തിയതും അദ്ദേഹമായിരുന്നു. പുല്ലുമേട്ടിൽ 102പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്നാണ് മകരവിളക്ക് കത്തിച്ചുകാട്ടുന്നതാണെന്ന വിവാദം കത്തിക്കയറിയത്. പലരും മകരവിളക്ക് തനിയെ തെളിയുന്നതാണെന്ന് കരുതിയിരിക്കുേമ്പാഴാണ് അത് കത്തിച്ചുകാട്ടുന്നതാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞത്. ക്ഷേത്രത്തിൽനിന്ന് നിയോഗിക്കുന്ന സംഘമാണ് പൊന്നമ്പലമേട്ടിൽ വിളക്ക് തെയിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ശബരിമലയുടെ രണ്ട് കാലഘട്ടങ്ങളിലും താന്ത്രികകർമം നിർവഹിക്കാൻ അദ്ദേഹത്തിനായി. കാട്ടിലൂടെ നടന്ന് പോയി പൂജ നിർവഹിച്ച പഴയ കാലത്തും പമ്പവരെ വാഹനത്തിൽ എത്താവുന്ന പിന്നീടുള്ള കാലത്തും. ചിട്ടയിലും പാരമ്പര്യത്തിലും ഇളക്കമേതുമില്ലാതെ ശബരിമലയിലെ ചടങ്ങുകളെ നയിച്ചു. എന്നും എപ്പോഴും തനിക്ക് തുണ അയ്യപ്പസ്വാമി അല്ലാതെ മറ്റാരുമെല്ലന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ചാലക്കയം-പമ്പ റോഡ് വരും മുമ്പ് വണ്ടിപ്പെരിയാർ, പുല്ലുമേട് വഴിയായിരുന്നു ആദ്യയാത്ര. സത്രത്തിൽ വിശ്രമിച്ചുള്ള യാത്ര. മുന്നിലൊരാൾ കാടുതെളിച്ച് പോകും. പിന്നാലെയാണ് മറ്റുള്ളവർ പോവുക. വഴിയിൽ കാട്ടാനകളുടെ സാന്നിധ്യമറിയുന്നു. ശരണം വിളിമാത്രമാണ് പിടിവള്ളി. അതിൽ ആശ്രയിച്ചാണ് സന്നിധാനത്ത് എത്തുക. അക്കാര്യങ്ങളെല്ലാം അദ്ദേഹം ഇപ്പോഴും അടുപ്പക്കാരോട് വിവരിക്കുമായിരുന്നു.
ക്ഷേത്രത്തിന് വടക്കുള്ള ഒാലക്കുടിലിലാണ് താമസം. ആദ്യയാത്ര പൂർത്തിയാക്കി സന്നിധാനത്ത് എത്തി പിറ്റേന്ന് തന്നെ തന്ത്രി കണ്ഠരര് ശങ്കരരുടെ അനുഗ്രഹം വാങ്ങി. അയ്യപ്പസ്വാമിക്ക് ആദ്യപൂജ ചെയ്യാൻ അനുമതി കിട്ടിയത് തെൻറ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യനിമിഷമായിരുന്നെന്ന് അദ്ദേഹം പറയുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പുല്ലുമേട്ടിൽ ജീപ്പ് മറിഞ്ഞ് അദ്ദേഹം അപകടത്തിൽപെട്ടിരുെന്നങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.