തങ്കയങ്കി ഘോഷയാത്രക്ക് തുടക്കമായി
text_fieldsപത്തനംതിട്ട: ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജക്ക് ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, കലക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോ, ദേവസ്വം ബോര്‍ഡ് കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, സ്‌പെഷല്‍ ഓഫീസര്‍ എന്‍. രാജീവ് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്.
രാവിലെ അഞ്ചു മുതല്‍ ഏഴുവരെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തങ്കയങ്കി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നു. അതിരാവിലെ മുതല്‍ തങ്കയങ്കി ദര്‍ശനത്തിനായി ഭക്തരുടെ വന്‍ തിരക്കാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും അനുഭവപ്പെട്ടത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനായി നടക്കു വച്ചതാണ് തങ്കയങ്കി. എല്ലാ വര്‍ഷവും മണ്ഡല പൂജക്ക് തങ്കയങ്കി ചാര്‍ത്തിയാണ് ദീപാരാധന നടക്കുന്നത്.
തങ്കയങ്കി സൂക്ഷിക്കുന്നതിന് പുതുതായി പണി കഴിപ്പിച്ച പേടകം 21ന് സന്നിധാനത്ത് സമര്‍പ്പിച്ച ശേഷം ഇന്നലെ രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും ചേര്‍ന്ന് പുതിയ പേടകം ഏറ്റുവാങ്ങി. 25ന് ഉച്ചക്കു ശേഷം മൂന്നിന് തങ്കയങ്കികള്‍ മൂന്നു പേടകങ്ങളിലാക്കി ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും. അന്ന് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനക്കായി നട തുറക്കും.
അത്താഴപൂജക്ക് ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും. 26ന് രാവിലെ 11.04നും 11.40നും മധ്യേയാണ് മണ്ഡലപൂജ. ഈ സമയത്ത് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജക്ക് ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.