ശബരിമല യുവതീപ്രവേശം; സ്വന്തം സത്യവാങ്മൂലവുമായി പ്രതിപക്ഷ നേതാവ് സുപ്രീംകോടതിയിൽ പോകട്ടെ -മന്ത്രി രാജീവ്
text_fieldsമന്ത്രി പി. രാജീവ്
കൊച്ചി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് സത്യവാങ്മൂലം തയാറാക്കിയിട്ടുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതുമായി സുപ്രീംകോടതിയിൽ പോകട്ടേയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ‘ഞങ്ങൾ ഭരണത്തിൽ വന്നാൽ സത്യവാങ്മൂലം മാറ്റിക്കൊടുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അദ്ദേഹം ഇപ്പോഴേ ജയിച്ചു എന്ന് കരുതിയാണ് ജീവിക്കുന്നത്. കോടതിയെ നിരന്തരം സമീപിക്കുന്ന ആൾ ആയതിനാൽ അദ്ദേഹം ഇക്കാര്യത്തിലും സുപ്രീംകോടതിയിൽ പോകുമെന്ന് തന്നെ കരുതുന്നു. തെരഞ്ഞെടുപ്പ് വരികയാണ്. ഞങ്ങൾ പുതിയ സത്യവാങ്മൂലം തയാറാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഈ കേസ് എടുക്കരുത് എന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിക്കട്ടെ -മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ മന്ത്രി പറഞ്ഞു.
സുപ്രീംകോടതി സർക്കാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടില്ല. സർക്കാറിന്റെ അഭിപ്രായം ചോദിച്ചിട്ടുമില്ല. മതാചാരങ്ങൾ കോടതിക്ക് എത്രത്തോളം പരിശോധിക്കാം എന്ന നിയമപ്രശ്നം സുപ്രീംകോടതിയുടെ തന്നെ പരിഗണനയിലുള്ള വിഷയമാണ്. നീതീപീഠത്തിന്റെ അധികാരത്തെ കുറിച്ച് നീതിപീഠം തന്നെ സംശയം പറയുമ്പോൾ സർക്കാർ എന്ത് പറയാനാണ്? ഭരണഘടന വിദഗ്ധരുമായും നിയമ വിദഗ്ധരുമായൊക്കെ ആലോചിച്ച് മറുപടി പറയേണ്ട വിഷയമാണിതെന്നും ശബരിമല യുവതീപ്രവേശം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

