ശബരിമല യുവതി പ്രവേശനം: സർക്കാറിന്റെ നിലപാട് മാറ്റത്തിൽ നിഴലിക്കുന്നത്..!
text_fieldsതിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ കാർക്കശ്യം വിട്ട് നിലപാട് തിരുത്താനുള്ള സർക്കാറിന്റെ മനംമാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ. വിശ്വാസി സമൂഹം എതിരായിരുന്നിട്ടും സ്ത്രീസമത്വത്തിന്റെയും പുരോഗമന കാഴ്ചപ്പാടിന്റെയും പേരുപറഞ്ഞായിരുന്നു കോടതി വിധി നടപ്പാക്കാൻ അന്ന് സർക്കാറും ദേവസ്വം ബോർഡും തുനിഞ്ഞിറങ്ങിയത്. ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധങ്ങളുയർന്നപ്പോൾ നവോത്ഥാന മതിലുയർത്തി പ്രതിരോധം തീർത്തതും ഈ നിലപാടിന്റെ പേരിലായിരുന്നു.
എന്നാൽ, ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ 2020ല്‍ നല്കിയ സത്യവാങ്മൂലം തിരുത്താനുള്ള ഇപ്പോഴത്തെ ആലോചനകൾ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ വീണ്ടുവിചാരമാണ്. പുതിയ സത്യവാങ്മൂലം നൽകുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിക്കുന്നുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടുക എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്ന് പ്രസിഡന്റ് പ്രശാന്ത് ആവർത്തിക്കുകയും ചെയ്തു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 സെപ്റ്റംബര്‍ 29ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാറിനും മുന്നണിക്കും 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ആദ്യഘട്ടത്തിൽ ആർ.എസ്.എസ് വിധിയെ സ്വാഗതം ചെയ്തതെങ്കിലും വിശ്വാസികളുടെ വികാരം എതിരാണെന്ന് തിരിച്ചറിഞ്ഞ് ചുവടുമാറുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക ഗുണഫലങ്ങൾ വോട്ടുവിഹിതത്തിൽ അവർക്ക് ലഭിക്കുകയും ചെയ്തു. സി.പി.എമ്മിന് പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകളും ഇക്കൂട്ടത്തിൽ വഴിമാറിപ്പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.