ശബരീനാഥനെ നാളെ ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം അസി. കമീഷണർ ശബരീനാഥന് നോട്ടീസ് നൽകി. വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇതിന്റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.
യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽനിന്നുള്ള വിവരങ്ങളാണ് പുറത്തുപോയത്. മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽനിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്.
ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനത്തിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ശബരീനാഥന് പറഞ്ഞു.
ശബരീനാഥിനെ സംരക്ഷിക്കും -പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച സംഭവത്തിൽ ശബരീനാഥിനെതിരെ കേസെടുത്താല്‍ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലോചിച്ചായിരിക്കും തീരുമാനിച്ചത്.
അതില്‍ തെറ്റുള്ളതായി തോന്നുന്നില്ല. പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആയിരുന്നില്ലെന്നാണ് താനും കെ.പി.സി.സി പ്രസിഡന്റും പറഞ്ഞത്.
നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെയെന്നും സതീശൻ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. അവരുടെ പ്രതിഷേധത്തെ ഒരിക്കലും തള്ളിപ്പറയില്ലെന്നും സതീശൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.