തുടർഭരണ വിവാദം: വിമർശനം കടുപ്പിച്ച് സച്ചിദാനന്ദൻ; സൈബർ ലോകത്തെ അജ്ഞരോട് വിശദീകരിക്കുന്നത് നാണക്കേടെന്ന്
text_fieldsതൃശൂർ: തുടർഭരണ വിവാദത്തിൽ വിമർശനം കടുപ്പിച്ച് കവി കെ. സച്ചിദാനന്ദൻ. അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യമെന്നും മാർക്സിസത്തിന് മുന്നോട്ടുപോകാനുള്ള ഏകവഴി ഇതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. താന് പറഞ്ഞത് മാർക്സിറ്റ് ചിന്തകരെഴുതിയ കാര്യങ്ങളാണ്. അതിന്റെ ആഴം മനസ്സിലാക്കാത്തവരാണ് തന്നെ വിമര്ശിക്കുന്നത്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരിമധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിവരെ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അതിനിടെ കവിയെ അനുനയിപ്പിക്കാൻ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സച്ചിദാനന്ദൻ വിശാല കാഴ്ചപ്പാടിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിലാണ് പ്രചരിച്ചതെന്ന് അബ്ദുൽ ഖാദർ പറഞ്ഞു. അത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് നടത്തിയത്. മതനിരപേക്ഷവാദിയായ ഇടതുപക്ഷക്കാരനാണ് സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നെന്നും അബ്ദുൽ ഖാദർ പറഞ്ഞു.
മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു - സച്ചിദാനന്ദൻ
തൃശൂർ: ജനാധിപത്യത്തെകുറിച്ച തന്റെ കാഴ്ചപ്പാടുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് കവി കെ. സച്ചിദാനന്ദൻ. സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ഭാരവാഹി അശോകൻ ചരുവിൽ എന്നിവരോടാണ് കെ. സച്ചിദാനന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കൂട്ടിക്കെട്ടി അഭിപ്രായത്തെ വക്രീകരിക്കുകയായിരുന്നു. ജനാധിപത്യം, ഏകാധിപത്യം എന്നിവയെ സംബന്ധിച്ച ധൈഷണിക നിലപാടുകളാണ് താൻ പറഞ്ഞത്. കേരളത്തിൽ ഇടതുപക്ഷം തോൽക്കണമെന്ന നിലപാട് തനിക്കില്ല. ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളിൽ അങ്ങേയറ്റത്തെ ഉത്കണത്യുള്ള ആളാണ് താൻ. ഇടതുപക്ഷവും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും ചേർന്ന് ഫാഷിസ്റ്റ് വെല്ലുവിളിയെ നേരിടണമെന്നാണ് നിലപാട്.
ഏതെങ്കിലും പാർട്ടിയിൽ താൻ അംഗമല്ല. ചില പ്രശ്നങ്ങളിൽ ഇടതുപക്ഷത്തെയും വിമർശിക്കാറുണ്ട്. അത് തന്റെ സ്വാതന്ത്ര്യമാണ്. എന്നാൽ, ഇടതുപക്ഷത്തെ തോൽപ്പിച്ച് വലതുപക്ഷത്തെ ജയിപ്പിക്കണമെന്ന് ഒരിക്കലും പറയില്ല. ഇടതുപക്ഷം തന്നെയാണ് പ്രതീക്ഷ. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കെ.വി. അബ്ദുൾ ഖാദറും അശോകൻ ചരുവിലും സച്ചിദാനനന്റെ വീട്ടിലെത്തി ഒരു മണിക്കൂറോളം ചർച്ച നടത്തിയത്.
മാറിമാറി ഭരിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തണോ -തോമസ് ഐസക്
കോഴിക്കോട്: മുന്നണികൾ മാറിമാറി ഭരിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യേണ്ടതില്ലല്ലോയെന്ന് മുൻ മന്ത്രി തോമസ് ഐസക്. മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്റെ പ്രസ്താവനയോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ ഭരിച്ചാൽ പിന്നീട് മാറിനിൽക്കലാണ് അടിസ്ഥാന ജനാധിപത്യ തത്വമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലല്ലോ?. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചാൽ പേരെ?. തെരഞ്ഞെടുപ്പ് ചെലവും വേണ്ട, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും വേണ്ട. ജനാധിപത്യം എന്ന് പറഞ്ഞാൽ മാറിമാറി ഭരിക്കൽ അല്ല. യോഗ്യതയുള്ളവരെ ജനം തെരഞ്ഞെടുക്കലാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഭരണം കിട്ടിയപ്പോൾ ജാഗ്രത പുലർത്തണമെന്ന് പാർട്ടി പ്രമേയം പാസാക്കിയിട്ടുണ്ട്. തിരുത്തേണ്ടത് തിരുത്തും. ആര് ചൂണ്ടിക്കാണിച്ചാലും തുറന്ന മനസ്സോടെ പരിശോധിക്കും. രാഷ്ട്രീയ അപചയത്തേക്കുറിച്ചല്ല, പെരുമാറ്റ രീതികളിൽ അപചയം വരുന്നതാണ് സച്ചിചാന്ദൻ പറയുന്നത്.
ഇത്രയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടും ആർക്കെങ്കിലും എതിരായ അഴിമതി ആരോപണം വന്നോയെന്നും ആറുവർഷമായി ഇ.ഡി പരിശോധിച്ചിട്ടും കിഫ്ബിയിൽ ഒന്നും തടഞ്ഞില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
പത്തനംതിട്ട: കണ്ണുമടച്ച് ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരരുത് എന്ന് പറയുന്നതിൽ ശരികേട് ഉണ്ടെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സച്ചിദാനന്ദൻ അത്തരം ഒരു പ്രസ്താവന നടത്തിയതെന്നും മന്ത്രി വി. ശിവൻകുട്ടി. മൂന്നാം തുടർ ഭരണത്തിനുവേണ്ടി ഇടതുമുന്നണി മുമ്പോട്ട് പോവുകയാണ്. ഇതിനായി ജനങ്ങളോട് വോട്ട് ചോദിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്.
ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യത നിലനിൽക്കുന്നു. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിൽ ഉള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാക്കും. ആ വിഷമം പല രീതിയിൽ ആളുകൾ പ്രകടിപ്പിച്ചിട്ടുണ്ടാകാം. സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹോംവർക്ക് ചെയ്യാതെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെ ആണ് കേരള സാഹിത്യഅക്കാദമി അധ്യക്ഷൻ അത്തരമൊരു പരാമർശം നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഏറ്റവും അധികം ഉൾപ്പെട്ടിരിക്കുന്നതും നേതൃത്വം കൊടുത്തിരിക്കുന്നതും കോൺഗ്രസ് നേതാക്കളാണന്നും ശിവൻകുട്ടി പറഞ്ഞു. അന്വേഷണ സംഘത്തെ പ്രതിപക്ഷ നേതാവ് വിമർശിക്കുകയാണ്. ആന്റോ ആൻറണി നെടുംപറമ്പിൽ ഫിനാൻസ് ഉടമയിൽനിന്നും പണംവാങ്ങിയ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഒന്നും മിണ്ടുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

