ഇടത് രാഹുലിനെ പിന്തുണക്കണം -സച്ചിദാനന്ദൻ
text_fieldsകോട്ടയം: അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷനിര രാഹുൽ ഗ ാന്ധിയെ പിന്തുണക്കുന്നത് സ്വപ്നം കാണാതിരിക്കാൻ തനിക്കാകുന്നില്ലെന്ന് കവി കെ. സച്ചിദാനന്ദൻ. നിയുക്ത പ്രധാനമന്ത്രിയായോ വരുന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവായോ രാഹുലിനെ പ്രതിപക്ഷനിര ഒന്നടങ്കം പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നത് ഒരു വ്യക്തി എന്ന നിലയിൽ രാഹുൽ വിജയിക്കുന്നതിനു വേണ്ടിയല്ലെന്നും ജനാധിപത്യ െഎക്യമെന്ന ആശയം നിലനിൽക്കുന്നതിെൻറ അനിവാര്യത മൂലമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവർക്കും അതിൽനിന്ന് നേട്ടമുണ്ടാകുമെന്നതിനാൽ ഇടതു പക്ഷം അൽപം ഉദാരത കാട്ടുന്നതിനൊപ്പം പ്രാദേശിക താൽപര്യത്തെക്കാൾ ദേശീയ താൽപര്യം ഉയർത്തിപ്പിടിക്കണം. ഒരു പുനർവിചിന്തനം ഇനിയും സാധ്യമാണെന്ന പ്രത്യാശയും സചിദാനന്ദൻ പങ്കുവെക്കുന്നു. സി.പി.എം മുഖപ്പത്രം ദേശാഭിമാനിയും (പിന്നീട് തെറ്റ് അംഗീകരിച്ചെങ്കിലും) മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനും ബി.ജെ.പിയുടെ സ്വരത്തിൽ സംസാരിക്കുന്നതിലും അവരിൽനിന്ന് കടമെടുത്ത അധിക്ഷേപവാക്കുകൾ ഉപയോഗിക്കുന്നതിലുമുള്ള ആശങ്കയും അദ്ദേഹം മറച്ചുവെക്കുന്നില്ല.
എല്ലാ പാർട്ടികളുടെയും ട്രോളുകളിൽ ഒരേ അധിക്ഷേപ പരാമർശങ്ങളും ധ്വനിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയം ശക്തിപ്പെടുമെന്നോ ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകുമെന്നോയുള്ള പ്രതീക്ഷ അസ്ഥാനത്താകുകയാണ്. സ്വജീവൻ തന്നെ അപകടത്തിലായ കാലത്ത്, നമ്മൾ നടത്തുന്ന ചെറുത്തുനിൽപുകളെല്ലാം വ്യർഥമാകുമെന്ന ആശങ്കയുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത്. ദേശീയ നേതാവെന്ന നിലയിൽ അദ്ദേഹം പ്രാദേശിക സമ്മർദത്തിനു വഴങ്ങരുതായിരുന്നു. അല്ലെങ്കിൽ ഇടതു പ്രചാരണം തുടങ്ങുന്നതിന് മുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കണമായിരുന്നെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.