തെരഞ്ഞെടുപ്പ് കണ്ട് നിലപാടെടുക്കുന്ന പാർട്ടിയല്ല ലീഗ് -സാദിഖലി തങ്ങൾ
text_fieldsമുസ്‍ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ ഡേ നൈറ്റ് മാർച്ച്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവർ മുൻനിരയിൽ
മലപ്പുറം: ചില വ്യക്തികളും പാർട്ടികളും സമയത്തിനനുസരിച്ചാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെങ്കിൽ മുസ് ലിം ലീഗ് വിഷയാധിഷ്ഠിതമായാണ് അവയെ കാണുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമയത്തിനനുസരിച്ച് പ്രശ്നങ്ങളെ കാണുന്നവരെ ഉത്സവക്കച്ചവടക്കാരെന്ന് വേണമെങ്കിൽ വിളിക്കാമെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു വിഷയത്തെ വോട്ടാക്കാൻ പറ്റുമോയെന്ന് ഇവർ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക’ എന്ന മുദ്രാവാക്യവുമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങള്‍.
തെരഞ്ഞെടുപ്പ് കണ്ട് നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ ലീഗിനെ കാണില്ല. 1992ൽ ബാബറി മസ്ജിദ് തകർത്തപ്പോൾ വോട്ട് പോകുമെന്നറിഞ്ഞിട്ടും രാജ്യസ്നേഹപരമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിപ്പിച്ചതാണ്. അന്ന് പലരും അതിനെ തള്ളിപ്പറഞ്ഞപ്പോഴും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു.
സദ്ദാം ഹുസൈനെ വരെ കൂട്ടുപിടിച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ നോക്കിയവര്‍ നമുക്ക് മുന്നിലുണ്ട്. ഗ്യാന്‍വാപി വിഷയത്തില്‍ ലീഗ് എം.പിമാർ പ്രതിഷേധിച്ചു. ലീഗ് പോരാടി നേടിയ ആരാധനാലയ സംരക്ഷണ നിയമമുണ്ടെന്നിരിക്കെ പള്ളികളും ചര്‍ച്ചുകളുമടക്കം ഒരു ആരാധനാലയത്തിനെതിരെയും നീങ്ങാന്‍ ഭരണകൂടത്തെ അനുവദിക്കില്ല.
ആരാധനാലയങ്ങള്‍ക്കെതിരെ തിരിയുന്നവരെ നേരിടാനുള്ള ഏക ആയുധമാണ് ലീഗ് നേതാവ് ജി.എം. ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമം. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് പറഞ്ഞ് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതും പൗരത്വ നിയമത്തിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായി ഇടപെട്ടതും ലീഗാണെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.