സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ്; പണം ബിസിനസിൽ നിക്ഷേപിച്ചെന്ന് പ്രവീൺ റാണ
text_fieldsതൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യംചെയ്യൽ ആരംഭിച്ചു. കോടികളുടെ നിക്ഷേപം എന്ത് ചെയ്തെന്ന ചോദ്യത്തിന് ‘ബിസിനസിലിറക്കി’യെന്ന ഒറ്റ ഉത്തരമാണ് പ്രവീൺ റാണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിക്ഷേപങ്ങളുടെ നിർണായക തെളിവുകൾ കാണിച്ചാണ് ചോദ്യം ചെയ്യുന്നത്. എവിടെയാണ് നിക്ഷേപിച്ചതെന്ന് തെളിവ് തേടുകയാണ് പൊലീസ്.
വ്യാഴാഴ്ചയാണ് പ്രവീൺ റാണയെ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന വാഹനങ്ങളുടെ ഉടമകളായ ഏഴ് പേരെയും വ്യാഴാഴ്ച ചോദ്യം ചെയ്തു. സേഫ് ആൻഡ് സ്ട്രോങ് ഓഫിസുകളിൽനിന്ന് പുതുക്കാട് പാലാഴിയിലെ വാടകവീട്ടിൽനിന്ന് കണ്ടെത്തിയ രേഖകളുമായിട്ടാണ് ചോദ്യം ചെയ്യൽ. 23 അക്കൗണ്ടുകളിലായി 130 കോടിയോളമാണ് പ്രവീൺ റാണക്ക് വന്നത്. ഇത്രയും അക്കൗണ്ടുകളിലൂടെ എത്തിയെങ്കിൽ ഇതല്ലാതെയെത്തിയത് എത്രയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നിക്ഷേപങ്ങൾ ചെലവഴിച്ചത് എങ്ങനെയെന്നത് പ്രവീൺ റാണയുടെ രേഖകളിലില്ല. കേരളത്തിനകത്തും പുറത്തുമായി 24 ഇടത്ത് ഭൂമി വാങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇതിൽ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് 1.10 കോടിക്ക് മാത്രമാണ്. 16 കോടിയോളം കൊച്ചിയിലെ പബിൽ നിക്ഷേപം നടത്തിയതിന്റെയും മുംബൈയിലെ ഐയാൺ വെൽനെസ് സ്ഥാപനത്തിൽ 7500 ഷെയറുകൾ സ്വന്തമാക്കിയതിന്റെയും രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.