സേഫ് ആന്‍ഡ് സ്ട്രോങ് തട്ടിപ്പ്; പ്രവീൺ റാണയുമായി റിസോര്‍ട്ടിലും വീട്ടിലും തെളിവെടുപ്പ്
text_fieldsതൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പ്രവീൺറാണയുടെ തെളിവെടുപ്പ് തുടങ്ങി. തിങ്കളാഴ്ച പകൽ ചോദ്യം ചെയ്യലിന് ശേഷം ഇയാൾ തന്റേതാണെന്ന് കാണിച്ച് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചിരുന്ന അരിമ്പൂരിലെ റിസോർട്ടിലും വെളുത്തൂരിലെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. സുരക്ഷ കണക്കിലെടുത്ത് ഏറെ കരുതലോടെയായിരുന്നു പൊലീസിന്റെ തെളിവെടുപ്പ് നീക്കങ്ങൾ.
തൃശൂർ ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആദ്യം കൈപ്പിള്ളിയിലെ റിസോർട്ടിലാണ് എത്തിയത്. മതിൽ ചാടിക്കടന്നാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. ഗേറ്റ് അടച്ചിട്ട് നായ്ക്കളെ കെട്ടഴിച്ച് വിട്ടിരിക്കുകയായിരുന്നു. പൊലീസിന് നേരെ നായ്ക്കൾ കുരച്ചു ചാടിയെങ്കിലും പിന്നീട് റിസോർട്ടിലെ മറ്റുള്ളവരെത്തി നായ്ക്കളെ മാറ്റി.
നേരത്തെ റാണാസ് റിസോർട്ട് എന്ന പേരിൽ ബോർഡ് സ്ഥാപിച്ചായിരുന്നു പ്രവീൺ റാണയുടെ തട്ടിപ്പ്. ഇപ്പോൾ മുമ്പുണ്ടായിരുന്ന സൂര്യ എന്ന പേരിലുള്ള പുതിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആറരക്കോടിക്ക് താൻ വാങ്ങിയതാണെന്നായിരുന്നു റിസോർട്ടിനെ കുറിച്ച് നിക്ഷേപകരോട് പറഞ്ഞിരുന്നത്. അരിമ്പൂർ സ്വദേശികളായ നാല് പേരുടേതായിരുന്നു റിസോർട്ട്. ഇവരിൽനിന്ന് പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപക്ക് വാടകക്ക് എടുത്തതായിരുന്നു പ്രവീൺ റാണ. അത് കുടിശ്ശികയായതോടെ റാണയെ ഇവിടെ നിന്ന് ഒഴിവാക്കുകയായിരുന്നു.
സ്വന്തമാണെന്ന് വിശ്വസിപ്പിക്കാൻ റാണാസ് റിസോർട്ട് എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. തന്റെ ആഡംബര വിവാഹത്തിലെ ചില ചടങ്ങുകളും ഇവിടെയാണ് നടത്തിയത്. വെളുത്തൂർ നാല് സെൻറ് കോളനിക്ക് സമീപമുള്ള വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെയും അര മണിക്കൂറോളം ചെലവഴിച്ചു. അടുത്ത ദിവസങ്ങളിൽ സ്ഥാപനങ്ങളിലടക്കം എത്തിച്ച് തെളിവെടുക്കും. 28 വരെയാണ് പ്രവീൺ റാണയെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുള്ളത്.
അതിനിടെ, തിങ്കളാഴ്ച തൃശൂർ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൂടി ലഭിച്ചു. 18 ലക്ഷം രൂപ തട്ടിയെടുത്തതായി പെരിങ്ങണ്ടൂർ സ്വദേശിയുടെ പരാതിയാണ് ലഭിച്ചത്. ഇതിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.